
ന്യൂഡൽഹി: ജില്ലാ ജുഡീഷ്യറിക്ക് അടിസ്ഥാന സൗകര്യ മേഖലയിലടക്കം സമഗ്രമായ പരിഷ്‌കാരം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷന്റെ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും വനിത ജില്ലാ ജഡ്ജിമാർക്ക് പോലും ടോയ്‌ലറ്റുകളില്ല. രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങിയാൽ വൈകിട്ട് ആറിന് തിരിച്ചെത്തിയാലേ ടോയ്‌ലറ്റ് ഉപയോഗിക്കാൻ പറ്റൂ എന്നതാണ് അവസ്ഥ. അതുകൊണ്ട് ജില്ലാ ജൂഡിഷ്യറിയുടെ മുഖച്ഛായയാണ് ആദ്യം മാറ്റേണ്ടത്.
നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ലാണ് ജില്ല ജൂഡിഷ്യറി. ഹൈക്കോടതി ജഡ്ജിമാർ ഭക്ഷണം കഴിക്കുമ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് നമ്മുടെ കൊളോണിയൽ ചിന്താഗതിയാണ് കാണിക്കുന്നത്. അതിനാൽ ഭരണഘടന കോടതികളിലെ ജഡ്ജിമാരുടെ ചിന്താഗതി മാറ്റണം. ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് തുല്യരിൽ ഒന്നാമൻ മാത്രമാണ്. സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരുടെ അറിവ് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ബാറിലെ അനുഭവപരിചയമുള്ള ജസ്റ്റിസ് നരസിംഹത്തെയും ജില്ലാ ജുഡീഷ്യറിയിലെ അനുഭവ സമ്പത്തുള്ള ജസ്റ്റിസ് ബേല എം ത്രിവേദിയെയും പോലെയുള്ളവർക്ക് തങ്ങളെ സഹായിക്കാൻ കഴിയുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.