jacqueline-fernandez-

ന്യൂഡൽഹി: 200 കോടിയുടെ കള്ളപ്പണക്കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് ഡൽഹി പാട്യാല ഹൗസ് പ്രത്യേക കോടതി ജഡ്ജി ശൈലേന്ദ്ര മാലിക് മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയാക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയിൽ നൽകേണ്ടതിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാക്വിലിൻ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

സുകേഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ തുടങ്ങിയവർ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡി നൽകിയ അനുബന്ധ കുറ്റപത്രത്തിലാണ് ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതിയാക്കി ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. പല തവണ ജാക്വിലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം ആഗസ്റ്റ് 31ന് സമർപ്പിക്കുകയും കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു. നടിയോട് കോടതി മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടിക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇടക്കാല ജാമ്യം ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് ജാക്വിലിൻ പാട്യാല ഹൗസ് കോടതിയിൽ നേരിട്ട് ഹാജരായത്. ഇവർ രാജ്യം വിടുന്നത് തടയാൻ ഇ.ഡി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ആഡംബര കാറുകൾ ഉൾപ്പെടെ വില പിടിപ്പുള്ള സമ്മാനങ്ങളും സ്വകാര്യ ജറ്റ് യാത്രകളും ആഡംബര ഹോട്ടലുകളിലെ താമസവും സുകേഷ് തനിക്ക് സമ്മാനിച്ചതായി ജാക്വിലിൻ അന്വേഷണ ഏജൻസിയോട് സമ്മതിച്ചിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവിന്ദർ സിംഗിന്റെ 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷ് ചന്ദ്രശേഖറും ലീന മരിയ പോളും ഡൽഹി പൊലീസിന്റെ പിടിയിലായത്.