aam-admi

ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ വാങ്ങിയെന്ന കേസിൽ ആംആദ്‌മി പാർട്ടി എം.എൽ.എ അഖിലേഷ് ത്രിപാഠിയുടെ ബന്ധുവും പേഴ്‌സണൽ അസിസ്റ്റന്റും ഉൾപ്പെടെ മൂന്നുപേരെ ഡൽഹി അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ആം ആദ്മി പാർട്ടി എം.എൽ.എ രാജേഷ് ഗുപ്തയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

കമല നഗറിലെ 69-ാം വാർഡിൽ ടിക്കറ്റ് വാഗ്ദാനം ചെയ്‌ത് എം.എൽ.എ അഖിലേഷ് ത്രിപാഠി 90ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആംആദ്‌മി പാർട്ടി പ്രവർത്തകൻ ഗോപാൽ ഖാരിയുടെ ഭാര്യ ശോഭ ഖാരി പൊലീസിൽ പരാതി നൽകിയിരുന്നു. ത്രിപാഠിയുടെ ആളുകൾക്ക് 35 ലക്ഷം രൂപയും അദ്ദേഹം നിർദ്ദേശിച്ച പ്രകാരം വസീർപൂർ എം.എൽ.എ രാജേഷ് ഗുപ്തയ്‌ക്ക് 20 ലക്ഷം രൂപയും നൽകി. ബാക്കി 35 ലക്ഷം ടിക്കറ്റ് ലഭിച്ച നൽകാമെന്നും പറഞ്ഞു.

എന്നാൽ നവംബർ 12ന് പ്രഖ്യാപിച്ച സ്ഥാനാത്ഥി പട്ടികയിൽ ശോഭയുടെ പേരില്ലായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നും പണം തിരികെ നൽകാമെന്നും എം.എൽ.എയുടെ ബന്ധു ഓം സിംഗ് അറിയിച്ചു. ഇതിനു ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കെണിയൊരുക്കി. നവംബർ 15 ന് 33 ലക്ഷം രൂപ തിരികെ നൽകാനെത്തിയ ഓം സിംഗ്, പി.എ ശിവ് ശങ്കർ പാണ്ഡെ, സഹായി പ്രിൻസ് രഘുവംശി എന്നിവർ ഗോപാൽ ഖാരിയുടെ വീട്ടിൽ നിന്ന് അറസ്റ്റിലായി.

മനീഷ് സിസോദിയ, ആംആദ്‌മി പാർട്ടി

പാർട്ടി പണം വാങ്ങി ആർക്കും ടിക്കറ്റ് നൽകുന്നില്ല. പണം നൽകിയ ആളിന്റെ പേര് എം.എൽ.എ ശുപാർശ ചെയ‌്തിട്ടില്ല. തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് എല്ലാവർക്കുമറിയാം. അതിനാൽ പാർട്ടി ടിക്കറ്റിന് ഡിമാൻഡുണ്ട്. ചിലർ അത് ദുരുപയോഗം ചെയ്‌തിരിക്കാം.