
ന്യൂഡൽഹി:കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ എൻ.ഐ.എ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് നൽകി.
ഇരുവർക്കുമെതിരെയുള്ള സാക്ഷിമൊഴികളും ഫോൺ രേഖകളുമടക്കമുള്ള തെളിവുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്ന് എൻ.ഐ.എക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ വാദിച്ചു.
2006 മാർച്ച് 3ന് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലുമായി നടന്ന ഇരട്ട സ്ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
2009 വരെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. 2010 ൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു. എൻ.ഐ.എ വിചാരണക്കോടതിയാണ് ഇരുവർക്കും ജീവപര്യന്തം വിധിച്ചത്.
മാപ്പുസാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്.