navlakha

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവലാഖയെ വീട്ടുതടങ്കലിലാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. തങ്ങളുടെ മുൻ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 70 വയസുള്ള ഒരു മനുഷ്യനെ വീട്ടുതടങ്കലിൽ വയ്ക്കാൻ എല്ലാ അധികാരങ്ങളുമുള്ള സർക്കാർ അശക്തരാണോയെന്ന് കോടതി ആരാഞ്ഞു.

എന്നാൽ ഭീകര പ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകളോട് മൃദുസമീപനം സ്വീകരിക്കുകയാണോയെന്ന പ്രതീതി ഉണ്ടാക്കുന്നതായി കേന്ദ്ര സർക്കാർ കോടതിയിൽ ആരോപിച്ചു. തടങ്കലിൽ പാർപ്പിക്കുന്ന വീടിനെ സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ നിന്ന് മറച്ചുവച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തടങ്കലിൽ പാർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഈ കെട്ടിടത്തിൽ ആവശ്യത്തിന് സി.സി ടിവി കാമറകളില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തുടർന്ന് എൻ.ഐ.എ ആവശ്യപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കോടതി നിർദ്ദേശിച്ചു. എന്നാൽ മുറിയിൽ കാമറ വയ്ക്കാനുള്ള നിർദ്ദേശം കോടതി തള്ളി.

 കമ്മ്യൂണിസ്റ്റെന്ന് കേട്ട് ഞെട്ടിയില്ലെന്ന് കോടതി

കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകൃത പാർട്ടിയല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. ഇതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. മാവോയിസ്റ്റ് ബന്ധമുള്ള വ്യക്തി രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള കെട്ടിടത്തിൽ കഴിയുന്നത് കേട്ട് കോടതി ഞെട്ടിയില്ലേയെന്ന എസ്.ജി. തുഷാർ മേത്തയുടെ ചോദ്യത്തിന് തങ്ങൾ ഞെട്ടിയില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. കെട്ടിടത്തിലുള്ളത് ബി.ടി. രണദിവെ സ്മാരക ലൈബ്രറിയാണെന്ന് നവഖാലയുടെ അഭിഭാഷക നിത്യ രാമകൃഷ്ണൻ കോടതിയിൽ വ്യക്തമാക്കി. സി.പി.എം അംഗീകൃത പാർട്ടിയാണെന്നും അവർ മാവോയിസ്റ്റുകൾക്ക് എതിരാണെന്ന് എല്ലാവർക്കുമറിയാമെന്നും അവർ ചൂണ്ടിക്കാട്ടി.