supreme-court

ന്യൂഡൽഹി:കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ നശിക്കാതെ നോക്കുകയും യഥാ സമയത്ത് വിട്ട് നൽകുകയും വേണമെന്ന് സുപ്രീം കോടതി. മലപ്പുറത്തെ മഞ്ചേരിയിൽ നിന്ന് ലഹരി കേസിൽ പിടികൂടിയ സ്വിഫ്റ്റ് കാർ സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ നീരീക്ഷണം. കേസിന്റെ നടപടി ക്രമങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ കിട്ടിയില്ലെന്നും അതിനാൽ എത്രയും വേഗം കാർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് വാഹനത്തിന്റെ ഉടമയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിട്ടും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ വർഷം ജനവരിയിലാണ് കാറിൽ സഞ്ചരിച്ചയാളിൽ നിന്നും ലഹരി വസ്തു പിടികൂടുന്നത്. വാഹനത്തിലുള്ളയാളെയും ഒപ്പം വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർജിക്കാരിയുടെ അപേക്ഷ പരിഗണിച്ച കോടതി വാഹനം എത്രയും വേഗം വിട്ടു നൽകാൻ നിർദ്ദേശിച്ചു.