
ന്യൂഡൽഹി: നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്‌ത് ഫിഷറീസ് സർവകലാശാലാ (കുഫോസ്) മുൻ വൈസ് ചാൻസലർ കെ. റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചു. പുറത്താക്കാൻ ഹൈക്കോടതി ആധാരമാക്കിയ യു.ജി.സി ചട്ടം കാർഷിക സർവകലാശാലകൾക്ക് ബാധകമല്ലെന്ന് അപ്പീലിൽ പറയുന്നു. നവംബർ 25ന് സുപ്രീംകോടതി പരിഗണിച്ചേക്കും.
കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണെന്നും അതിനാൽ ഫിഷറീസ് സർവകലാശാലക്ക് യു.ജി.സി ചട്ടം ബാധകമല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. വിവിധ സമയങ്ങളിൽ പരിഷ്‌കരിച്ച യു.ജി.സി ചട്ടങ്ങളുടെ പരിധിയിൽ കാർഷിക സർവകലാശാലകൾ ഉൾപ്പെടുന്നില്ല. ഇക്കാരണത്താൽ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി വരില്ല.
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിലെ വിദദ്ധരെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഏക അപേക്ഷകനായ തനിക്ക് വിദേശ സർവകലാശാലാ പിഎച്ച്.ഡി ബിരുദം അധിക യോഗ്യതയായി. ഇതു പരിഗണിച്ചാണ് സെർച്ച് കമ്മിറ്റി തന്റെ പേര് നിർദ്ദേശിച്ചതെന്നും റിജി ജോൺ വിശദീകരിക്കുന്നു.
സെർച്ച് കമ്മിറ്റി 2018-ലെ യുജിസി ചട്ടം പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഇതേ കാരണത്താൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇദ്ദേഹം അടക്കം 10 വി.സി മാരോട് വിശദീകരണം ചോദിച്ചിരുന്നു. പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗവർണറുടെ നടപടി.