
ന്യൂഡൽഹി:ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിൽ ആദ്യമായി, പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു ബില്ലിൽ എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ 'അവൾ' ( She ) 'അവളുടേത്'( Her) എന്നീ സർവ്വനാമങ്ങൾ ഉപയോഗിക്കുന്നു.
പൊതുവെ ബില്ലുകളിൽ കാണുന്ന 'അവൻ' 'അവന്റേത് ' എന്നീ സർവനാമങ്ങൾ ഒഴിവാക്കിയാണ് സ്‌ത്രീലിംഗം ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാർ ബില്ലിൽ ഈ പ്രയോഗം ആദ്യമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്രത്തിന്റെ സ്‌ത്രീ ശാക്തീകരണ ദൗത്യത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം.
പൊതുഅഭിപ്രായ രൂപീകരണത്തിനായി കേന്ദ്ര ഐടി വകുപ്പ് പരസ്യപ്പെടുത്തിയ .
ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിന്റെ കരടിലാണിത്. ഡിസംബർ 17 വരെ അഭിപ്രായങ്ങൾ അറിയിക്കാം. ലിങ്ക് bit.ly/dpdpbill
ഇന്റർനെറ്റ് ഉപയോക്താക്കളെ ഒാൺലൈൻ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാനും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നതാണ് ബിൽ. കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികൾ നിർദ്ദേശിച്ചതിനെ തുടർന്ന് പിൻവലിച്ചിരുന്നു. അതിന് പകരമുള്ള ബില്ലാണിത്.
വ്യക്തി വിവര ശേഖരണത്തിന് നിയന്ത്ര്രണങ്ങൾ ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളും ബാങ്കുകളും ഉൾപ്പെടെ ശേഖരിക്കുന്ന വ്യക്തി വിവരങ്ങൾ എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന് ഉപയോക്താവിനെ അറിയിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. തങ്ങളുടെ വിവരങ്ങൾ ഒരു സ്ഥാപനം എന്തിന് ഉപയോഗിച്ചു എന്നറിയാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന വ്യവസ്ഥയാണിത്. ഓൺലൈനായി ശേഖരിക്കുന്ന വിവരങ്ങളും ഓഫ്‌ലൈനായി ശേഖരിച്ച് പിന്നീട് ഡിജിറ്റൈസ് ചെയ്യുന്ന വിവരങ്ങളും ബില്ലിന്റെ പരിധിയിൽ വരും.
നിയമ ലംഘകർക്ക് പുതിയ ബില്ലിൽ പിഴകൾ നിർദ്ദേശിച്ചിട്ടുണ്ട്.
വ്യക്തിഗത ഡേറ്റാ ലംഘനം തടഞ്ഞില്ലെങ്കിൽ 250 കോടി രൂപ
കുട്ടികളുടെ വിവരം കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ചയ്‌ക്ക് 200 കോടി രൂപ
വിവര ചോർച്ച അറിയിച്ചില്ലെങ്കിൽ 200 കോടി രൂപ
വലിയ കമ്പനികൾക്ക് ബാധകമായ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ 150 കോടി
വിവരസുരക്ഷാ ബോർഡിന് വ്യാജ പരാതി നൽകിയാൽ 10,000 രൂപ