sradha

ന്യൂഡൽഹി: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ ശരീരം മുറിക്കാനുപയോഗിച്ച ആയുധവും കൂടുതൽ ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തി.

ഇരുവരും താമസിച്ചിരുന്ന ഛത്തർപൂരിലെ ഫ്ളാറ്റിൽ നടത്തിയ തെളിവെടുപ്പിലാണ് ശരീരം മുറിക്കാനുപയോഗിച്ച മൂർച്ചയുള്ള കത്തി കണ്ടെത്തിയത്.

ഇന്നലെ നടന്ന തെളിവെടുപ്പിൽ ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ഇത് ശ്രദ്ധയുടേതാണോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എല്ലുകളടക്കം 13 ശരീരഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്.

അതിനിടെ പ്രതിയെപ്പോലൊരാൾ കഴിഞ്ഞ മാസം പുലർച്ചെ ബാഗും കൈയിൽ പൊതിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യത്തിലുള്ളത് പ്രതി അഫ്‌താബ് അമീൻ പൂനാവാല ആണെന്നാണ് പൊലീസ് നിഗമനം. ഫ്രിഡ്‌ജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ പ്രതി പലപ്പോഴായാണ് കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം അഫ്താബിന്റെ ഗുരുഗ്രാമിലെ ജോലിസ്ഥലത്ത് നിന്ന് ഭാരമേറിയ കറുത്ത പോളിത്തീൻ ബാഗും കണ്ടെടുത്തിരുന്നു.

മേയ് 18ന് ശ്രദ്ധയെ കൊന്നശേഷം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിച്ചിരുന്നതായി അഫ്താബ് മൊഴി നൽകിയിരുന്നു. സത്യാവസ്ഥ ബോധ്യപ്പെടാൻ ഇയാളെ ഉടൻ നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കും.

ശ്രദ്ധയും അഫ്താബും കഴിഞ്ഞ മേയിലാണ് മുംബയിൽ നിന്ന് ഡൽഹിയിലേക്ക് മാറിയത്. ചെലവുകളുടെയും മറ്റും പേരിൽ തർക്കമുണ്ടായതിനെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.