masagging

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌ത ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ തീഹാർ ജയിൽ സെല്ലിൽ മസാജിംഗിന് വിധേയനാകുന്ന വീഡിയോയുടെ പേരിൽ ആംആദ്‌മി-ബി.ജെ.പി വാക്‌പോര്. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റിന് കോടതി നോട്ടീസ് അയച്ചു.

മന്ത്രിയുടെ കാലും മുതുകും തലയും മസാജ് ചെയ്യുന്നതാണ് വീഡിയോ. പ്രതിക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന പേരിൽ വീഡിയോ ബി.ജെ.പി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. ജയിലിൽ വച്ച് പരിക്കേറ്റ് നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തിയ ജെയിനിന് ഫിസിയോതെറാപ്പി നിർദ്ദേശിച്ചതാണെന്ന് ആംആദ്‌മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിശദീകരിച്ചു.

ജയിലിൽ മന്ത്രിക്ക് ആഡംബര ജീവിതമാണെന്ന് ആരോപിച്ച് ഇഡി കഴിഞ്ഞ മാസം കോടതിയിൽ സിസിടിവി ദൃശ്യങ്ങൾ സമർപ്പിച്ചിരുന്നു. രഹസ്യ വീഡിയോ പുറത്തുവിടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചതാണെന്ന് ജെയിൻ ആരോപിച്ചു. ജെയിൻ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) നോട്ടീസ് അയച്ചത്.

മന്ത്രിക്ക് വി.ഐ.പി പരിഗണന നൽകിയെന്ന ആരോപണത്തിൽ തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.


വാക്‌ പോര്:

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ:

ആം ആദ്മി പാർട്ടി സ്പാ ആൻഡ് മസാജ് പാർട്ടി' ആയി. അരവിന്ദ് കേജ്‌രിവാൾ എവിടെ ഒളിച്ചു. ജയിൽ നിയമങ്ങൾ ലംഘിച്ച് സത്യേന്ദ്ര ജെയിൻ സെല്ലിൽ മസാജ് ചെയ്യുന്നു. സന്ദർശകരെ കാണുന്നു. ജയിലിലെ ഈ വിവിഐപി സംസ്കാരം ജനാധിപത്യത്തിന് അപകടമാണ്. ഒരു അഴിമതിക്കാരന് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ആം ആദ്മി പാർട്ടിയിൽ അഴിമതി വ്യാപകം.

മനീഷ് സിസോദിയ, ആംആദ്‌മി മന്ത്രി:

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി സ്റ്റണ്ട്. വീഡിയോ ചോർച്ച കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധം.