tharoor

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭയിലേയ്ക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള കോൺഗ്രസ് താരപ്രചാരണ പട്ടികയിലും ഇടമില്ലാതെ ശശി തരൂർ എം.പി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിംഗ്, രമേശ് ചെന്നിത്തല, കമൽനാഥ്, അശോക് ചവാൻ, ഭൂപീന്ദർ സിംഗ് ഹൂഡ, താരിഖ് അൻവർ, ബി. കെ ഹരിപ്രസാദ്, മോഹൻ പ്രകാശ്, കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, പ്രമുഖ ദളിത് നേതാവ് ഉദിത് രാജ്, കോൺഗ്രസ് പഞ്ചാബ് അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിലും പ്രചാരണത്തിനിറങ്ങുക.

40 അംഗ പട്ടികയിൽ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ തുടങ്ങിയ യുവ നേതാക്കളുമുണ്ട്.

കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലെ ആദിവാസി മേഖലകളിലും നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിന് നടക്കും.