
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ 135 പേരുടെ മരണത്തിനിരയായ മോർബിയിലെ തൂക്കുപാലവും ആദിവാസികളുടെ ഭൂമി പ്രശ്നവും പ്രധാന ചർച്ചാ വിഷയങ്ങളാകുന്നു. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഒരേ ദിവസം സംസ്ഥാനത്ത് വിവിധ റാലികളെ അഭിസംബോധന ചെയ്‌തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നവംബർ 26, 27 തീയതികളിൽ പ്രചാരണം നടത്തും. ഭാരത് ജോഡോ യാത്രയ്‌ക്കിടെ എത്തിയ രാഹുലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആദിവാസി ക്ഷേമത്തെ ചൊല്ലിയായിരുന്നു വാക്‌പോര്.
ഇന്നലെ സുരേന്ദ്രനഗർ, നവസാരി എന്നിവിടങ്ങളിലെ റാലികളെ മോദി അഭിസംബോധന ചെയ്‌തു. ഞായറാഴ്ച സൗരാഷ്ട്ര മേഖലയിൽ നാല് റാലികളെ അഭിസംബോധന ചെയ്തിരുന്നു.
മോർബി പാലം തകർന്ന് 135 പേർ മരിച്ചതിന്റെ ഉത്തരവാദികൾ ഗുജറാത്തിലെ ബി.ജെ.പി സർക്കാരാണെന്ന് രാജ്‌കോട്ടിലെ റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കേസിൽ രണ്ട് വാച്ചർമാരെ മാത്രമാണ് പിടികൂടിയത്. ബി.ജെ.പിയുമായി നല്ല ബന്ധം പുലർത്തിയതുകൊണ്ട് യഥാർത്ഥ പ്രതികൾക്ക് ഒന്നും സംഭവിച്ചില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പി ആദിവാസി ഭൂമി തട്ടിയെടുത്തു: രാഹുൽ
ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ബി.ജെ.പി വ്യവസായികളെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ആദിവാസികളുടെ രാജ്യമാണ്. ബി.ജെ.പി നിങ്ങളുടെ ഭൂമി വ്യവസായികൾക്ക് കൈമാറുകയാണ്. നിങ്ങളെ അവർ വനങ്ങളിൽ നിന്ന് പുറത്താക്കും. ആദിവാസി ഭൂമിയും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് കൊണ്ടുവന്ന നിയമം ബി.ജെ.പി നടപ്പാക്കിയില്ല. വികലമായ കേന്ദ്ര നയങ്ങൾ കാരണം കർഷകർ ഇപ്പോൾ ദയനീയാവസ്ഥയിലാണെന്നും യുവാക്കൾ തൊഴിൽരഹിതരാണെന്നും പണം ചെലവാക്കി പഠിച്ച ചെറുപ്പക്കാർക്ക് കൂലിപ്പണിയെടുക്കേണ്ടി വരുന്നെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് ആദിവാസികളെ മറന്നെന്ന് മോദി
ആദിവാസികൾ ജീവിച്ചിരുന്നുവെന്ന് പോലും അറിയാത്തവരാണ് അവർക്കു വേണ്ടി വാദിക്കുന്നതെന്ന് ഗോത്രവർഗ്ഗക്കാർ കൂടുതലുള്ള ബറൂച്ച് ജില്ലയിലെ ജംബുസാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. ആദിവാസികൾ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തവരാണ്. പൊതുചടങ്ങിൽ ഗോത്രവർഗ വസ്ത്രം ധരിച്ചതിന് തന്നെ പരിഹസിച്ചവരാണ് കോൺഗ്രസുകാർ. വാജ്‌പേയി പ്രധാനമന്ത്രിയാകുന്നത് വരെ ആദിവാസികൾക്ക് പ്രത്യേക മന്ത്രാലയമില്ലായിരുന്നു. ഗുജറാത്തിൽ മുൻകാല കോൺഗ്രസ് സ്ഥാനാർത്ഥികൾ ആദിവാസികളെ അവഗണിച്ചവരാണ്. ബി.ജെ.പി അധികാരത്തിലെത്തിയശേഷമാണ് അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരക്കുറവ്, തൊഴിൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ചത്.
പണ്ടേ താഴെയിറക്കപ്പെട്ടവർ അധികാരം തിരിച്ചുപിടിക്കാൻ യാത്ര നടത്തുകയാണെന്ന് ഭാരത് ജോഡോ യാത്രയെ പരാമർശിച്ച് മോദി പറഞ്ഞു. നർമ്മദാ അണക്കെട്ട് പദ്ധതി 40 വർഷമായി മുടക്കിയവരുടെ കൂടെയാണ് അവർ നടക്കുന്നതെന്നും മോധാപ്ടകറെ പരാമർശിച്ച് മോദി ആരോപിച്ചു.