ee

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകാൻ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ ഹർജി സമർപ്പിച്ച ഡോ. ജോ ജോസഫാണ് പുതിയ അപേക്ഷ ഫയൽ ചെയ്തത്. സുരക്ഷാ പരിശോധന പൂർത്തിയാക്കാനുളള സമയക്രമം കോടതി നിശ്ചയിക്കണമെന്നും ആവശ്യമുണ്ട്. അപേക്ഷ ജസ്റ്റിസ് എം.ആർ. ഷായുടെ ബെഞ്ച് പരിഗണിച്ചേക്കും.

പരിശോധന നടന്നിട്ട് 11 വർഷം

സുരക്ഷാ പരിശോധന ഏറ്റവും ഒടുവിൽ നടന്നത് 2010 - 11ലാണ്. കേന്ദ്ര ജല കമ്മിഷന്റെ മാർഗ്ഗരേഖയനുസരിച്ച് രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷാ പരിശോധന 10 വർഷത്തിലൊരിക്കൽ നടത്തണം. മുല്ലപ്പെരിയാറിലെ പരിശോധനയ്‌ക്ക് ശേഷം കേരളത്തിൽ രണ്ട് പ്രളയം സംഭവിച്ചു. 1979 ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങളിൽ അണക്കെട്ടിന് വിള്ളലുണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിൽ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ച സാദ്ധ്യത തള്ളാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ വലിയ ആറ് അണക്കെട്ടുകൾക്ക് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ നാലെണ്ണം ഡീകമ്മിഷൻ ചെയ്തു. സിംബാബ്‌വെയിലെ ഒരു അണക്കെട്ടും മുല്ലപ്പെരിയാർ അണക്കെട്ടും മാത്രമാണ് നിലനിൽക്കുന്നതെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.