
ന്യൂഡൽഹി: രാജ്ഭവനിലെത്തുന്ന അതിഥികൾക്ക് സഞ്ചരിക്കാൻ വാഹനങ്ങൾ വിട്ടു തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥികൾക്കായി മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും വിട്ടുനൽകണമെന്ന ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവനിലെത്തുന്ന അതിഥികളോട് നടന്നു വരാൻ പറയുന്നതാണോ മര്യാദ. അതിഥികൾക്ക് സഞ്ചരിക്കാൻ വാഹനം ആവശ്യപ്പെട്ടതിൽ തെറ്റില്ല. ആവശ്യം വന്നാൽ വീണ്ടും വാഹനം ആവശ്യപ്പെടും.ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുന്നതിനാൽ, സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് തന്നെ നീക്കുന്നതിനുള്ള ഓർഡിനൻസിന് പ്രസക്തിയില്ല.
കോടതികൾ തുടർച്ചയായി ചൂണ്ടിക്കാട്ടിയിട്ടും സർവകലാശാലാ നിയമനങ്ങളിൽ ക്രമക്കേടുകൾ തുടരുകയാണ്. സാങ്കേതിക സർവകലാശാലയിൽ ചാൻസലർ നിയമിച്ച വിസി സിസ തോമസുമായി ഉദ്യോഗസ്ഥർ സഹകരിക്കാത്തതിന്റെ കാരണം മാദ്ധ്യമങ്ങൾ അന്വേഷിക്കണം. സിസയുടെ യോഗ്യത സംബന്ധിച്ച കേസ് കോടതിയിലാണ്.രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വമേധയാ തെറ്റു തിരുത്തട്ടെ. എല്ലാറ്റിലും ഗവർണർ ഇടപെടുന്നില്ല. സാവകാശം നൽകിയ ശേഷവും നിയമം നടപ്പിലാക്കിയില്ലെങ്കിൽ, ഗവർണറെന്ന നിലയിൽ ഇടപെടും.