crime

ന്യൂഡൽഹി: മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം മേഖലയിൽ ചൊവ്വാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം. പ്രതി കേശവിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. കേശവിന്റെ പിതാവ് ദിനേശ് കുമാർ (50),അമ്മ ദർശന സൈനി(40),മുത്തശ്ശി ദിവാനാ ദേവി(75),സഹോദരി ഉർവശി (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ മൃതദേഹങ്ങൾ കുളിമുറിയിലും സഹോദരിയുടെയും മുത്തശ്ശിയുടെയും മൃതദേഹം മുറികളിലുമായിരുന്നു. മയക്കുമരുന്ന് ലഹരിയിൽ പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച് നാലുപേരുടെയും കഴുത്തറുക്കുകയും ദേഹമാസകലം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

കേശവും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് അലർച്ച കേട്ട അയൽവാസികൾ സമീപം താമസിക്കുന്ന ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അന്വേഷിക്കാനെത്തിയ ബന്ധുക്കളെ തടഞ്ഞ പ്രതി കുടുംബ വഴക്കാണെന്നും ഇടപെടേണ്ടതില്ലെന്നും പറഞ്ഞു. തുടർന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയ ഇയാളെ ബന്ധുക്കളും അയൽവാസികളും പിടികൂടി പൊലീസിന് കൈമാറി. വീടിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മയക്കുമരുന്നിന് അടിമയായ പ്രതി ഗുഡ്ഗാവിലെ കമ്പനിയിലുണ്ടായിരുന്ന ജോലി ഒരുമാസം മുമ്പ് ഉപേക്ഷിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു എ.ടി.എം മോഷണ കേസിൽ കുറച്ചു ദിവസം ഇയാൾ ജയിലിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.ലഹരി ഉപയോഗം നിറുത്താൻ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പ്രതി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.