blast

ന്യൂഡൽഹി: മംഗളൂരു സ്ഫോടനത്തിന്റെ ആസൂത്രണവും ഗൂഢാലോചനയും കൊച്ചിയിലും മധുരയിലുമായാണ് നടന്നതെന്ന് അന്വേഷണ സംഘം. മംഗളുരുവിൽ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടത്. പ്രതികളുടെ കേരള ബന്ധത്തെ കുറിച്ചും അന്വേഷണം തുടങ്ങി. സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുൾപ്പെടെ 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. മൈസുരുവിലും മംഗളുരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടന്നത്. ഇയാൾക്ക് ബോംബ് നിർമ്മാണത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കർ ബോംബിന്റെ വീര്യം കുറഞ്ഞത്. സ്ഫോടനം നടന്ന ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളുരുവിൽ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ മുഹമ്മദ് ഷരീഖ് ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കി.

സ്ഫോടനത്തിന് മുമ്പ് മുഹമ്മദ് ഷരീഖ് അടങ്ങുന്ന മൂവർ സംഘം കർണ്ണാടകയിലെ ശിവമോഗയിൽ നദീ തീരത്ത് ട്രയൽറൺ നടത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ഇത് വിജയിച്ചതോടെയാണ് മംഗളുരുവിലെ സ്ഫോടനത്തിന് തയ്യാറായത്. ഐഎസിൽ ആകൃഷ്ടനായ ഷരീഖ് സഹപാഠികളായിരുന്ന സയ്യിദ് യാസീൻ, മുനീർ അഹമ്മദ് എന്നിവരെയും കൂടെ ചേർക്കുകയും ബോംബ് നിർമ്മാണത്തിനാവശ്യമായ പരിശീലനം നൽകുകയും ചെയ്യുകയായിരുന്നു.