
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ നൽകുന്ന പണം ഇടനിലക്കാരും അഴിമതിയുമില്ലാതെ ഒരു ബട്ടൻ ക്ലിക്കിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗുജറാത്തിലെ ദസ്‌ക്രോയ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ നഗ്നമായ പകർപ്പായി മാറിയിരിക്കുകയാണ് ആം ആദ്മി പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞു. മദ്യ കുംഭകോണമായാലും ബലാത്സംഗ- ഫിസിയോതെറാപ്പിസ്റ്റ് കേസുകളായാലും ആംആദ്മിയും പഴയ തന്ത്രങ്ങളെല്ലാം അതേപടി സ്വീകരിക്കുകയാണ്. പ്രധാനമന്ത്രി സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന പദ്ധതിയിലൂടെ രാജ്യത്ത് യഥാർത്ഥ പരിവർത്തനം കൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിലാണ് അദ്ദേഹം.