
ന്യൂഡൽഹി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ സച്ചിൻ പൈലറ്റ് ചതിയനാണെന്നും അദ്ദേഹത്തിന് സ്ഥാനം കൈമാറില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിൻ സ്വന്തം പാർട്ടിയെ ചതിച്ചയാളാണെന്നും മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ലെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗെലോട്ട് തുറന്നടിച്ചു.
2020ൽ സച്ചിൻ പൈലറ്റിനെ മുന്നിൽ നിറുത്തി രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി നേതാക്കളായ അമിത് ഷായും ധർമ്മേന്ദ്ര പ്രധാനും നേരിട്ട് ഇടപെട്ടെന്നും കോൺഗ്രസ് എം.എൽ.എമാർക്ക് കോടിക്കണക്കിന് രൂപ കോഴ നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഒരു പാർട്ടി പ്രസിഡന്റ് സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചത് ഇന്ത്യയിൽ ആദ്യമായിരിക്കണം. അതിനായി അമിത് ഷായും ധർമ്മേന്ദ്ര പ്രധാനുമായി ഡൽഹിയിൽ യോഗം ചേർന്നിരുന്നു. തന്റെ എതിരാളിയുടെ പക്ഷത്തു നിന്ന എം.എൽ.എമാരിൽ ചിലർക്ക് അഞ്ചും പത്തും കോടി രൂപ ലഭിച്ചു. ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നിന്നാണ് പണം കൊണ്ടുവന്നത്.
സർക്കാരിനെതിരെ കലാപം നടത്തിയ എം.എൽ.എമാർ തന്റെ വിശ്വസ്‌തരായിരുന്നില്ല. അവർ ഹൈക്കമാൻഡിന്റെ വിധേയരായിരുന്നു. സച്ചിൻ മുഖ്യമന്ത്രിയാകുമെന്ന കിംവദന്തി പരന്നിരുന്നു. അദ്ദേഹം തന്നെയാണ് അത് പ്രചരിപ്പിച്ചത്. 2009ലെ രണ്ടാം യു.പി.എ സർക്കാരിൽ ജൂനിയർ ആയിരുന്ന സച്ചിനെ കേന്ദ്രമന്ത്രിയാക്കാൻ താനാണ് ശുപാർശ ചെയ്‌തതെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയത്തിൽ താൻ നേടിയതെല്ലാം ഗാന്ധി കുടുംബത്തിന്റെ ആശിർവാദങ്ങൾ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയത്തുള്ള ആരോപണങ്ങൾ അനാവശ്യമാണെന്നായിരുന്നു സച്ചിന്റെ മറുപടി.