-marrige-

ന്യൂഡൽഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയുള്ള ഹർജികൾ പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിനും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്കും നോട്ടീസ് അയച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ താമസക്കാരായ സ്വവർഗ പങ്കാളികൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ വിവേചനപരമാണെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജാതി - മത വിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹത്തിന് ഭരണഘടനാപരമായ പരിരക്ഷ സുപ്രീം കോടതി നൽകിയിട്ടുള്ളതു പോലെ സ്വവർഗ വിവാഹത്തിനും പരിരക്ഷ വേണമന്നാണ് ആവശ്യം. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അതിനാൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കണം. സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതിയ്ക്കായി ഒമ്പത് ഹർജികൾ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണ്. നിലവിൽ കേരള, ഡൽഹി ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

വിവാഹം രജിസ്റ്റർ ചെയ്യാൻ സുപ്രിയോ,​ അഭയ്

സുപ്രിയോ ചക്രവർത്തി, അഭയ് ദങ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ ഒമ്പതാം വാർഷികത്തിലാണ് ഇരുവരും വിവാഹിതരായത്. 2021 ഡിസംബറിൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സ്‌പെഷ്യൽ മാരിയേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹൈദരാബാദിൽ നിന്നുള്ള ഇവരുടെ ആവശ്യം.