
ന്യൂഡൽഹി: ഗുജറാത്തിൽ ഭരണവിരുദ്ധ തരംഗം അനുകൂലമാക്കി കോൺഗ്രസ് ഇക്കുറി നല്ല രീതിയിൽ മുന്നേറുമെന്ന്, പാർട്ടി സ്ഥാനാർത്ഥി നിർണയ സമിതി അദ്ധ്യക്ഷനും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല. ബി.ജെ.പിയുടെത് ഗുജറാത്ത് മോഡൽ തട്ടിപ്പാണ്. ഗ്രാമങ്ങളിൽ വെള്ളവും വൈദ്യുതിയുമടക്കം അടിസ്ഥാന സൗകര്യങ്ങളില്ല. 27 വർഷം ബി.ജെ.പി ഭരിച്ച ഗുജറാത്തിലെ സാഹചര്യമിതാണ്. കൊവിഡ് കാലത്ത് ആയിരക്കണക്കിനുപേർ മരിച്ചപ്പോൾ സർക്കാരിൽ നിന്ന് ഒരു സഹായവുമുണ്ടായില്ല. ഇതേത്തുടർന്നുള്ള പ്രതിഷേധം തണുപ്പിക്കാനാണ് വിജയ് രുപാണിയെ മാറ്റി ഭൂപേഷ് പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. മോർബി ദുരന്തം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അധികാരത്തിന്റെ എല്ലാ ശക്തിയും പണവുമിറക്കി ജനങ്ങളെയും സമുദായങ്ങളെയും വശീകരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തി
പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷങ്ങളും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളും കോൺഗ്രസിനൊപ്പമാണ്. ഗ്രാമങ്ങളാണ് പാർട്ടിയുടെ ശക്തി. ഈ വോട്ട് ബാങ്ക് തകർക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ വിജയിക്കില്ല. 27 വർഷം പ്രതിപക്ഷത്തായിട്ടും കോൺഗ്രസ് ശക്തമാണ്.
ആംആദ്‌മി പാർട്ടിയുടെ സ്വാധീനം?
നഗരങ്ങളിൽ മാത്രമാണ് ആംആദ്‌മി പാർട്ടിയുടെ സാന്നിദ്ധ്യമുള്ളത്. കാര്യമായ നേട്ടമുണ്ടാക്കില്ല. ആംആദ്‌മിയും അസുദുദ്ദീൻ ഒാവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ ബി ടീമുകളായി കോൺഗ്രസിന്റെ വോട്ട് തട്ടിയെടുക്കാൻ നിൽക്കുന്നവരാണ്. എല്ലാം അതിജീവിച്ച് കോൺഗ്രസ് മുന്നേറും.
ഹാർദ്ദിക് പട്ടേൽ ബി.ജെ.പിയിൽ
ചേർന്നത് തിരിച്ചടിയാകുമോ ?
ഹാർദ്ദിക് പട്ടേൽ പോയെങ്കിലും പട്ടേൽ സമുദായത്തിന് പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ കാര്യമായ പരിഗണന നൽകിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേലയുടെ മകൻ മഹേന്ദ്ര സിംഗ് വഗേലയ്‌ക്ക് സീറ്റു നൽകിയത് രജപുത്ര വിഭാഗങ്ങളിൽ അടക്കം സ്വാധീനം ചെലുത്തും.
കോൺഗ്രസിന്റെ പ്രചാരണ രീതി ?
ഇക്കുറി ബൂത്തു കമ്മിറ്റികളുണ്ടാക്കിയും പഞ്ചായത്ത് തലത്തിൽ വീടുവീടാന്തരം കയറിയിറങ്ങിയുമുള്ള ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത്.
സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് ?
പരാതികളില്ലാതെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാനായി. ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകി. ജാതി സമവാക്യങ്ങൾ പാലിച്ചു. 70 ശതമാനവും 50വയസിൽ താഴെയുള്ളവർ. കോൺഗ്രസിൽ ഒരു കലാപവുമില്ല. ബി.ജെ.പിയിൽ വിമത ശല്യം ശക്തമാണ്.