p

ന്യൂഡൽഹി:കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതിയുടെ അനുമതി. മറുപടി നൽകാൻ മൂന്നാഴ്ച്ച അനുവദിച്ചു.

വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജിക്കാരനെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും ലീഗിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. മത ചിഹ്നവും പേരും ഉപയോഗിക്കുന്ന ലീഗ്, ഹിന്ദു ഏകത ദൾ, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ഈ പാർട്ടികളെ കക്ഷികളാക്കിയിരുന്നില്ല. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ലീഗിനെ ഉൾപ്പെടെ കക്ഷി ചേർക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ലീഗ് 1948 മുതൽ പ്രവർത്തിക്കുന്നു

കേന്ദ്ര,​ സംസ്ഥാന മന്ത്രിസഭകളിൽ ലീഗിന് മന്ത്രിമാരുണ്ടായിരുന്നെന്നും 1948 മുതൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികളുടെ പേരിൽ മതം ഉണ്ടെങ്കിലും അവരെ ഹർജിക്കാരൻ ബോധപൂർവ്വം ഒഴിവാക്കിയെന്നും ലീഗ് ബോധിപ്പിച്ചു. ശിവസേനയിലെ ശിവൻ ദൈവമല്ലെന്നും ശിവാജിയെയാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദം. ജനപ്രാതിനിദ്ധ്യ നിയമത്തിലെ 29 (എ), 123(3)(3എ) വകുപ്പുകളനുസരിച്ച് മത ചിഹ്നങ്ങളോ പേരുകളോ ഉപയോഗിച്ച് വോട്ട് ചോദിക്കരുതെന്നും ഹർജിയിൽ പറയുന്നു.