
ന്യൂഡൽഹി:കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് രണ്ട് വ്യവസ്ഥകൾ ഒഴിവാക്കിയാണെന്ന് കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. റോയൽ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ കേരള മെഡിക്കൽ കോളേജിനാണ് ഇളവ് നൽകിയത്.
ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്. ഈ സൗകര്യങ്ങളിൽ വീഴ്ച്ച വരുത്തിയാൽ സംസ്ഥാന സർക്കാർ നൽകേണ്ട ഉറപ്പും മെഡിക്കൽ കോളേജ് തുടങ്ങുന്നതിന്റെ ന്യായീകരണവും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. ഈ രണ്ട് വ്യവസ്ഥകളും ഒഴിവാക്കി സർട്ടിഫിക്കറ്റ് പുതുക്കി നൽകുകയായിരുന്നുവെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. എന്നിട്ടും കോളേജ് പ്രവർത്തനം തുടങ്ങിയിട്ടില്ല.
മെഡിക്കൽ കൗൺസിലും സംസ്ഥാന ആരോഗ്യ സർവ്വകലാശാലയും നിർദേശിച്ച പ്രകാരം എല്ലാ പോരായ്മകളും പരിഹരിച്ചാണ് സർട്ടിഫിക്കറ്റ് പുതുക്കിയത്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ അന്നത്തെ അടിയന്തര സാഹചര്യവും കണക്കിലെടുത്തു.
2016 - 17ലാണ് മെഡിക്കൽ കോളേജ് തുടങ്ങിയത്. ആദ്യ ബാച്ചിൽ 150 വിദ്യാർത്ഥികളുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അംഗീകാരം നഷ്ടമാകുകയും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ മറ്റ് ഒമ്പത് സ്വാശ്രയ കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രണ്ട് വർഷത്തേക്ക് എം.ബി.ബി.എസ് പ്രവേശനം വിലക്കുകയും ചെയ്തു.
വിലക്ക് തീർന്നതോടെ കോഴ്സ് പുനരാരംഭിക്കാൻ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് കോളേജ് ആരോഗ്യ വകുപ്പിൽ അപേക്ഷിച്ചതിന് പിന്നാലെ പരിശോധന പോലും നടത്താതെ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അവഗണിച്ചാണ് അന്നത്തെ ആരോഗ്യ മന്ത്രി സർട്ടിഫിക്കറ്റ് പുതുക്കാൻ ഇടപെട്ടതത്രേ.
വാളയാറിലെ വി.എൻ പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ഹർജിയിൽ സുപ്രീം കോടതി വിശദീകരണം തേടിയതിനെ തുടർന്നാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.