maneesh

ന്യൂഡൽഹി: മദ്യ നയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ല. ഡൽഹി റോസ് അവന്യു കോടതിയിൽ ഇന്നലെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. 3,000 ത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ മദ്യവ്യവസായി സമീർ മഹേന്ദ്രു അടക്കം മൂന്ന് പേർക്കും സമീറുമായി ബന്ധമുള്ള നാല് കമ്പനികൾക്കുമതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേരുകൾ പിന്നീട് കുറ്റപത്രത്തിൽ ചേർക്കുമെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം(പി.എം.എൽ.എ) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഇൻഡോ സ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടർ ആയ സമീർ മഹേന്ദ്രുവിനെ സെപ്റ്റംബർ 27 ന് ഇ.ഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ ഇ.ഡിയും കുറ്റപത്രം സമർപ്പിച്ചത്.

പാവപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയ മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കി അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന നടന്നത് ഖേദകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.