gujarath

ന്യൂഡൽഹി: ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡും ആന്റി റാഡിക്കലൈസേഷൻ സെല്ലും നടപ്പാക്കുമെന്ന വാഗ്ദാനവുമായി ബി.ജെ.പിയുടെ പ്രകടന പത്രിക. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കും. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ കണ്ടെത്തി നശിപ്പിക്കാനാണ് ആന്റി റാഡിക്കലൈസേഷൻ സെല്ലുകൾ നടപ്പാക്കുന്നത്. ഗുജറാത്തിനെ ലക്ഷം കോടി ഡോളറിന്റെ വിപണിയാക്കി മാറ്റും. കലാപങ്ങളിലും സംഘർഷങ്ങളിലും പൊതു-സ്വകാര്യ സ്വത്തിന് നാശം വരുത്തുന്നവരിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കാൻ ഗുജറാത്ത് പൊതു-സ്വകാര്യ സ്വത്ത് നശീകരണ നഷ്ട പരിഹാര നിയമം കൊണ്ടുവരും. 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെയുള്ള പഠനം സൗജന്യമാക്കുമെന്നും പ്രകടന പത്രികയിലൂടെ ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാനത്ത് വിവിധ പാർട്ടികളുടെ പ്രചാരണങ്ങൾ നടന്നു വരികയാണ്. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കാർഷിക വികസനത്തിന് 10,000 കോടി

കാർഷിക അടിസ്ഥാന വികസനത്തിന് 10,000 കോടി രൂപയും ജലസേചന സംവിധാനം ശക്തിപ്പെടുത്താൻ 25,000 കോടിയും ചെലവഴിക്കും. ഗോശാലകളുടെ ശാക്തീകരണത്തിന് 500 കോടി. ആയിരം മൊബൈൽ വെറ്ററിനറി ആശുപത്രികൾ ആരംഭിക്കും. സംസ്ഥാനത്ത് രണ്ട് സീഫുഡ് പാർക്കുകൾ തുടങ്ങും. ആയുഷ്മാൻ ഭാരതിന്റെ കീഴിലുളള മെഡിക്കൽ ഇൻഷുറൻസ് തുക അഞ്ച് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്തും. സർക്കാർ സ്കൂളുകൾ നവീകരിക്കും. ഇതിനായി സ്കൂൾ ഒഫ് എക്സലൻസ് പദ്ധതി നടപ്പിലാക്കാൻ 10,000 കോടി ചെലവഴിക്കും. രാജ്യത്തെ ആദ്യ ബ്ലൂ എക്കണോമി ഇൻഡസ്ട്രിയൽ കോറിഡോർ സജ്ജമാക്കും. ഗുജറാത്ത് ഒളിമ്പിക് മിഷന് കീഴിൽ ലോകോത്തര കായിക കേന്ദ്രങ്ങൾ നിർമ്മിക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ദ്വാരകയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ എന്നീ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.