g20-modi

ന്യൂഡൽഹി: ജി 20 അന്താരാഷ്‌‌ട്ര കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദവി ഡിസംബർ ഒന്നിന് ഇന്ത്യ ഏറ്റെടുക്കുമ്പോൾ അതിലൂടെ രാജ്യത്തിനും ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന അവസരം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്തിൽ പറഞ്ഞു.

ജി 20യുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ളവർക്ക് ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങൾ ബോദ്ധ്യപ്പെടുത്താനാകും. പ്രതിനിധികൾ ഭാവിയിലെ വിനോദ സഞ്ചാരികളാകാം. എല്ലാ പൗരൻമാരും ഏതെങ്കിലും തരത്തിൽ ജി 20യുടെ ഭാഗമാകണം. ജി 20 ഇന്ത്യൻ ഉച്ചകോടിയുടെ ലോഗോ വസ്ത്രങ്ങളിൽ ആലേഖനം ചെയ്യാം. സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ചർച്ചകളും സംവാദങ്ങളും മത്സരങ്ങളും നടത്തണം. www.g20.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭിക്കും.

സ്വാതന്ത്ര്യത്തിന്റെ സുവർണ കാലത്ത് ഇന്ത്യക്ക് കൈവന്ന ഈ ഉത്തരവാദിത്വം പ്രധാനമാണ്. ലോകത്തിന്റെയാകെ നന്മയ്‌ക്കും ക്ഷേമത്തിനുമായി അദ്ധ്യക്ഷസ്ഥാനം പൂർണമായി ഉപയോഗപ്പെടുത്തണം. ജി 20 ഉച്ചകോടിക്ക് വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം നൽകിയത് നമ്മുടെ പ്രതിബദ്ധത സൂചിപ്പിക്കുന്നു. എല്ലാവർക്കും ക്ഷേമവും, സമാധാനവും, പൂർണതയും, സമൃദ്ധിയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എല്ലാ വെല്ലുവിളികൾക്കും ഇന്ത്യയുടെ പക്കൽ പരിഹാരമുണ്ട്. കൈകൊണ്ട് നെയ്ത ജി 20 ലോഗോ അയച്ച തെലങ്കാനയിലെ യെൽധി ഹരിപ്രസാദ് ഗാരുവിനെ മോദി അഭിനന്ദിച്ചു.

'പ്രാരംഭ്' യുഗപ്പിറവി

വിക്രം എസ് വിക്ഷേപണ ദൗത്യമായ 'പ്രാരംഭ്' ബഹിരാകാശ ഗവേഷണത്തിൽ സ്വകാര്യ മേഖലയുടെ യുഗപ്പിറവിയാണ്. ഒരു കാലത്ത് കടലാസ് വിമാനം പറത്തിയ കുട്ടികൾക്ക് ഇനി ഇന്ത്യയിൽ റോക്കറ്റ് നിർമ്മിക്കാം. ബഹിരാകാശ മേഖലയിലെ വിജയം അയൽ രാജ്യങ്ങളുമായും പങ്കിടുന്നതിന്റെ തെളിവാണ് ഭൂട്ടാനുമായി ചേർന്ന് വികസിപ്പിച്ച ഉപഗ്രഹത്തിന്റെ വിക്ഷേപണം. സാങ്കേതിക വിദ്യ വഴി ജീവിതം സുഗമമാക്കുന്നതിന് തെളിവാണ് ഹിമാചലിലെ സ്വാദിഷ്ടമായ കിന്നൗരി ആപ്പിൾ​ ഡ്രോണുകളിൽ വിപണിയിൽ എത്തിക്കുന്നതെന്നും മോദി പറഞ്ഞു.