
ന്യൂഡൽഹി: കന്യാകുമാരിയിൽ നിന്ന് ജമ്മുകാശ്‌മീരിലേക്ക് നടത്തുന്ന ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിക്ക് രമ്യമായ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കാനല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ആരാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കും. യാത്രയിൽ രാഹുൽ ഉന്നയിച്ച തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷം തുടങ്ങിയ പ്രശ്നങ്ങൾ എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന തിരക്കിലാണ് ബി.ജെ.പി. എന്നാൽ ഇപ്പോൾ ആളുകൾ രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം കാണുന്നു. അദ്ദേഹം വിദ്യാസമ്പന്നനും അനുകമ്പയുള്ളവനും നിലപാടുള്ളവനുമാണ്.
യാത്രയുടെ ആദ്യ ദിവസം മുതൽ ഈ യാത്രയെ അപമാനിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. യാത്രയുടെ യഥാർത്ഥ ലക്ഷ്യം അവർക്കറിയാം. അവരുടെ ആരോപണങ്ങൾ ആളുകൾ വിശ്വസിക്കില്ല. യാത്രയ്ക്ക് രാജ്യത്തെ ജനങ്ങളിൽ നിന്ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.