supreme

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. കൊളീജിയം ശുപാർശകളുമായി ബന്ധപ്പെട്ട് കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന് പിന്നാലെയാണിത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണം ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെന്നാണ് സൂചന. അലഹബാദ് ഹൈക്കോടതിയിലെ അഞ്ചും കൊൽക്കത്ത ഹൈക്കോടതിയിലെ രണ്ടും ഡൽഹി ഹൈക്കോടതിയിലെ ഒന്നും ശൂപാർശകളാണ് കേന്ദ്ര നിയമമന്ത്രാലയം മടക്കിയത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കൊളീജിയത്തിലേക്ക് നിയമ മന്ത്രാലയം തിരിച്ചയച്ച 20 ഫയലുകളിൽ ഒന്നാണ് സൗരഭ് കൃപാലിന്റെത്. സ്വവർഗ്ഗാനുരാഗിയായ സൗരഭ് കൃപാലിന്റെ പങ്കാളി സ്വിസ് പൗരനാണെന്നും ഇത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കൊളീജിയത്തിന്റെ ആവശ്യം പുനഃപരിശോധിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്.

അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ. സഞ്ജീത, ശോഭ അന്നമ്മ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്റെ രണ്ടാമത് ശുപാർശയും നിയമമന്ത്രാലയം മടക്കിയ ഫയലുകളിലുണ്ടെന്നാണ് സൂചന. 2021 സെപ്തംബർ ഒന്നിന് ചേർന്ന കൊളീജിയമാണ് ഇവരുൾപ്പെടെ നാലുപേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തത്. ഇതിൽ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പൻ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയിരുന്നു.

അതേസമയം സുപ്രീം കോടതി കൊളീജിയം ശുപാർശ രണ്ടാം തവണയും അയച്ചാൽ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്രസർക്കാർ ഫയൽ മടക്കിയത്. എന്നാൽ രണ്ടാം തവണ ശുപാർശ അയച്ചാൽ അത് അംഗീകരിക്കണമെന്നുള്ള നിർബന്ധിത വ്യവസ്ഥയില്ലെന്ന നിലപാടിലാണ് കേന്ദ്ര നിയമമന്ത്രാലയം.

കിരൺ റിജിജു അതിരുവിടുന്നെന്ന് സുപ്രീം കോടതി

കൊളീജിയം സംവിധാനത്തെ പരസ്യമായി വിമർശിച്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അതിര് വിടുകയാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ നിരീക്ഷിച്ചിരുന്നു. ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുണ്ടായിരുന്ന നാഷണൽ ജുഡിഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിറ്റി പുനഃസ്ഥാപിക്കാത്തതിലുള്ള സർക്കാരിന്റെ അതൃപ്തിയെ കുറിച്ചും ജസ്റ്റിസ് കൗൾ പരാമർശം നടത്തി. ശുപാർശകളിലെ ചില പേരുകൾ അംഗീകരിച്ചും മറ്റുള്ളത് തീരുമാനമെടുക്കാതെ തടയുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

എന്നാൽ കൊളീജിയം സമ്പ്രദായം ഭരണഘടനയ്‌ക്ക് അന്യമായ സംവിധാനമാണെന്നാണ് കിരൺ റിജിജുവിന്റെ ആരോപണം. 1991 ന് മുമ്പ് എല്ലാ ജഡ്ജിമാരെയും നിയമിച്ചത് സർക്കാർ തലത്തിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.