raj

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിൻ പൈലറ്റും തമ്മിലെ ഭിന്നത താത്‌ക്കാലികമായി പരിഹരിച്ച് കോൺഗ്രസ് നേതൃത്വം.ഡിസംബർ നാലിന് സംസ്ഥാനത്ത് എത്തുന്ന ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള ചർച്ചയ്‌ക്കു ശേഷം ഇരുവരും അറിയിച്ചു.

ഇവരുടെ ഭിന്നത ഭാരത് ജോഡോ യാത്രയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. തുടർന്നാണ് കെ.സി. വേണുഗോപാൽ അടിയന്തരമായി ജയ്‌പൂരിലെത്തിയത്. രാഹുൽ ഗാന്ധിയുടെ യാത്രയ്‌ക്ക് വിരുദ്ധമായി ഒരു നിലപാടും ഉണ്ടാകില്ലെന്ന് സച്ചിൻ ഉറപ്പു നൽകി. ചർച്ചയ്‌ക്കു ശേഷം ഇരുവരും വേണുഗോപാലിനൊപ്പം മാദ്ധ്യമങ്ങളെ കണ്ടു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പാർട്ടിയുടെ സ്വത്താണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം അശോക് ഗെലോട്ട് പരസ്യമായി ഉന്നയിച്ച ആരോപണങ്ങളിൽ സച്ചിൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിരുവിട്ട തന്റെ പദപ്രയോഗങ്ങളുടെ പേരിൽ പ്രശ്‌നങ്ങൾ രൂക്ഷമാകാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.

അതേസമയം ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി തൽക്കാലം വെടിനിറുത്തിയെങ്കിലും സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കാനിടയില്ല. ഭാരത് ജോഡോ യാത്രയ്‌ക്കു ശേഷം വീണ്ടും പ്രശ്‌നങ്ങൾ തലപൊക്കാനാണ് സാദ്ധ്യത. പ്രശ്‌നം രൂക്ഷമായാൽ ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഇരുവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും.