കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ വേലവെളിപ്പറമ്പ് സർക്കാരിന്റെയാണോ ദേവസ്വം വകയാണോ എന്ന കാര്യം നാല് മാസത്തിനകം തീർച്ചപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. റവന്യൂ റെക്കാഡുകൾ പരിശോധിച്ചും ബന്ധപ്പെട്ടവരെ കേട്ടും തീരുമാനമെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫോർട്ടുകൊച്ചി സബ് കളക്ടർക്ക് ഉത്തരവ് നൽകിയത് ഏപ്രിൽ എട്ടിനായിരുന്നു. ഏഴുമാസമായിട്ടും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ അഴകിയകാവ് ക്ഷേത്രത്തിന് റവന്യൂ രേഖകൾ പ്രകാരം 40 ഏക്കറോളം ഭൂമിയുണ്ട് . ബോർഡിന്റെ അനാസ്ഥ മൂലം ഇതിൽ ഭൂരിഭാഗവും അന്യാധീനപ്പെട്ടു. ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന അവശേഷിക്കുന്ന 9.41 ഏക്കർ കൈയേറാനും നടുവിലൂടെ റോഡ് വെട്ടാനുമുള്ള ചിലരുടെ ശ്രമങ്ങളുടെ തുടർച്ചയായിരുന്നു ഭൂമി
റവന്യൂഭൂമിയാണെന്നും പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്നുമുള്ള 2019 ഡിസംബർ 30ലെ സബ് കളക്ടറുടെ ഉത്തരവ്. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് അനിൽ നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
രാമേശ്വരം വില്ലേജിൽപ്പെട്ട ഈ ഭൂമിയിലാണ് ക്ഷേത്രശ്രീമൂലസ്ഥാനം. റവന്യൂരേഖകളിൽ ഇവിടം പുറമ്പോക്കെന്നും റിമാർക്ക് കോളത്തിൽ വേലവെളിപ്പറമ്പ് എന്നുമാണുള്ളത്. പുറമ്പോക്കിന്റെ അടിസ്ഥാന രേഖയായ ജമാബന്തിയിൽ ദേവസ്വം പുറമ്പോക്കെന്നുമുണ്ട്.
ഹൈക്കോടതി നിർദേശങ്ങളും അതിലെ നടപടികളും
1.ഭൂമിയുടെ റെക്കാഡുകൾ പരിശോധിച്ചും ഇരുകക്ഷികളുടെയും വാദങ്ങൾ പരിഗണിച്ചും നാലുമാസത്തിനകം തീരുമാനമെടുക്കണം. അതുവരെ തത്‌സ്ഥിതി തുടരണം.
>> ജൂലായ് ഏഴാം തിയതി റവന്യൂ, കോർപ്പറേഷൻ, പരാതിക്കാരെ വിളിച്ചുകൂട്ടി ഹിയറിംഗ് നടത്തിയെങ്കിലും ഫയൽ മുന്നോട്ടുനീങ്ങിയില്ല. കോടതിയലക്ഷ്യ ഹർജി വന്നശേഷം നവംബർ രണ്ടാം തിയതി രണ്ടാമത്തെ ഹിയറിംഗ് നടത്തിയിട്ടുണ്ട്.
2. ക്ഷേത്രവെളി ചുറ്റുമതിലിന്റെ തകർന്ന ഭാഗങ്ങൾ നിലവിലെ അടിത്തറയിൽ കോർപ്പറേഷന്റെ ബിൽഡിംഗ് പെർമിറ്റ് വാങ്ങി പുനർനിർമ്മിക്കാം.
>> അനുമതി ആവശ്യപ്പെട്ട് അഴകിയകാവ് ദേവസ്വം ഓഫീസർ ജൂലായ് 11ന് നൽകിയ കത്ത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് കോർപ്പറേഷൻ നിരസിച്ചു. യഥാവിധി സമർപ്പിക്കണമെന്നും നിർദേശിച്ചു. തുടർ നടപടിയില്ല.
3. തത്‌സ്ഥിതി നിലനിൽക്കുന്നുവെന്നും മതിൽ നിർമ്മാണ വേളയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്നും പള്ളുരുത്തി പൊലീസ് ഉറപ്പാക്കണം.
>> വെളിയിലെ അനധികൃത പാർക്കിംഗിനെതിരെ പരാതികൾ ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല. ഹൈക്കോടതി ഉത്തരവിൽ കൊച്ചിയിലെ അസി.പബ്ളിക് പ്രോസിക്യൂട്ടറിൽ നിന്ന് പൊലീസ് നിയമോപദേശം തേടിയതും വിവാദമായി.
ദേവസ്വം ഭൂമി റവന്യൂ പുറമ്പോക്കെന്ന് ഒരു രേഖയിലുമില്ല. വ്യാജ രേഖകൾ സമർപ്പിച്ച് ദേവസ്വം ഭൂമി കൈയടക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്ക് ഒത്താശ ചെയ്യുകയാണ് റവന്യൂ, പൊലീസ് അധികാരികൾ. ഇതിനെല്ലാം തെളിവുണ്ട്.
പി.എസ്.ബാബു സുരേഷ്,
ഹർജിക്കാരൻ