മൂവാറ്റുപുഴ: 2022ലെ അജുഫൗണ്ടഷൻ അവാർഡിന് കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് സർജറി വകുപ്പ് തലവൻ ഡോ. ടി.കെ. ജയകുമാറിനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ നൽകുന്ന ഡി. ശ്രീമാൻ നമ്പൂതിരി അവാർഡ് ഈവർഷം ആരോഗ്യ മേഖലയ്ക്കാണ് നൽകുന്നത്. അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു, ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ, ഫൗണ്ടേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിലാണ് അവാർഡ്പ്രഖ്യാപിച്ചത്.

50001രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഇതോടൊപ്പം നൽകുന്ന വി. രാജശേഖരൻനായർ എൻഡോമെന്റിന് അർഹതനേടിയത് നിപ്പാ ദുന്തനടുവിൽ സ്വന്തം ജീവൻ അവഗണിച്ച് ദുരന്ത ബാധിതരെ ചികിത്സിച്ച് മരണംവരിച്ച നഴ്‌സ് ലിനിക്കാണ്.

13ന് വൈകിട്ട് 4ന് മൂവാറ്റുപുഴ കബനി പാലസിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം സമ്മാനിക്കും. വി. രാജശേഖരൻനായർ എൻഡോമെന്റ് മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന് സമ്മാനിക്കും. അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പ്രമോദ് കെ. തമ്പാൻ സ്വാഗതം പറയും. മുൻ എസ്.ഇ.ആർ.ടി ഡയറക്ടർ ജെ. പ്രസാദ്, എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരൻ, രജീഷ് ഗോപിനാഥ് എന്നിവർ സംസാരിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കമാണ്ടർ ഷെവലിയർ സി.കെ. ഷാജി, അഡ്വ. ടി.കെ. റഷീദ്, അഡ്വ. ടി.വി. അനിത എന്നിവർ സന്നിഹിതരായിരിക്കും. ഫൗണ്ടേഷൻ ഡയറക്ടർമാരായ അജേഷ് കോട്ടമുറിക്കൽ, രജീഷ് ഗോപിനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.