j

കൊച്ചി : പൊന്നുപോലുള്ള പഴമകൾക്ക് ജീവിതം സമ്മാനിച്ച ഉദയംപേരൂ‌ർ വലിയകുളം സ്വദേശി ജോസ് കുരീക്കലിന്റെ പത്തരമാറ്റ് ശോഭയുള്ള 45 വ‌ർഷത്തെ സമ്പാദ്യം വിൽപ്പനയ്ക്ക്. 35ാം വയസിൽ സൈന്യത്തിൽ നിന്ന് വിരമിച്ചപ്പോൾ തുടങ്ങിയ പുരാവസ്തുശേഖരശീലം 80ാം വയസ്സിലെത്തിയപ്പോഴേക്കും മുറികളിൽ പഴമകളുടെ പ്രളയം. നാട്ടുവൈദ്യന്മാരുടെ ഗുളികച്ചെപ്പുകൾ, സ്വ‌ർണം തൂക്കുന്ന വെള്ളിക്കോൽ, രാജാക്കന്മാ‌ർ ഉപയോഗിച്ചിരുന്ന വെള്ളി നാരായം, സ്ഥാനവടി എന്നിങ്ങനെ ആയിരത്തിലേറെ അപൂ‌‌ർവ വസ്തുക്കളാണ് വരുമാനത്തിലേറിയ പങ്കും നൽകി സ്വന്തമാക്കിയത്. തച്ചുശാസ്ത്രത്തിലെയും ലോഹം കൊണ്ടുള്ള ശില്പ നിർമ്മാണത്തിലെയും അപൂർവതകൾ ഇവയോരോന്നിലും ഓളമിടുന്നു.

ഈ പ്രായത്തിൽ ഇവയൊക്കെ ഭദ്രമായി സൂക്ഷിക്കാനും പരിപാലിക്കാനും വയ്യാത്തതിനാൽ അ‌ർഹതയുള്ള ആർക്കെങ്കിലും കൈമാറണമെന്നാണ് ആഗ്രഹം. കേരളത്തിന്റെ ചരിത്രം തുടിക്കുന്ന സമ്പാദ്യത്തിന് മോഹവിലയൊന്നും വേണ്ടെന്ന് അദ്ദേഹം പറയുന്നു.

2000,​ 2001 വർഷങ്ങളിൽ തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയത്തിൽ പുരാവസ്തു വകുപ്പ് ആദരിച്ചിരുന്നു. ശേഖരം വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് പലരും വന്നെങ്കിലും വിൽക്കാൻ തോന്നിയില്ല. ലാഭം നോക്കി ഇവയെ നാടുകടത്തുമോയെന്നും ഉരുക്കി വേറെ സാധനങ്ങളുണ്ടാക്കുമോയെന്നെല്ലാമായിരുന്നു ആശങ്ക.

ഓട്ടുപാത്രങ്ങളിൽ 'പഴമ്പുരാണം'

പുതിയ തലമുറയ്മക്ക് അന്യമായ ഓട്ടുപാത്രങ്ങളിലെ കരവിരുതുകളും കൗതുകങ്ങളും ഇടയ്ക്കിടെ നോക്കി ആസ്വദിക്കുന്നതാണ് പ്രധാന വിനോദം. കാണാനും പറ്റിയാൽ വാങ്ങാനും നാട്ടിലും മറുനാട്ടിലുമെല്ലാം ഒരുപാട് മ്യൂസിയങ്ങൾ സന്ദ‌‌ർശിച്ചു. കൊട്ടാരങ്ങൾ,​ ഇല്ലങ്ങൾ,​ തറവാടുകൾ എന്നിവിടങ്ങളിലും കയറിയിറങ്ങി. വെറ്റില താമ്പാളം,​ നിലവിളക്ക്,​ തൂക്കുവിളക്ക്,​ കുത്തുവിളക്ക്,​ ഉരുളികൾ,​ പാത്രങ്ങൾ,​ ഗ്ലാസിനു പകരമുള്ള ലോട്ടകൾ,​ വാൽക്കിണ്ടികൾ,​ അപ്പക്കാര,​ പുട്ടുകുറ്റി,​ സാധനങ്ങൾ തൂക്കാനുള്ള മന്ന് കട്ടി,​ കുട്ടികൾക്കു മരുന്നുകൊടുക്കാനുള്ള ഉദ്ധരണി എന്നിവയെല്ലാം തേച്ചുമിനുക്കിയെടുത്താൽ തങ്കത്തിളക്കം. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ നിർമ്മിച്ചത് വെള്ളോടിലും മറ്റുള്ളവ സാധാരണ ഓടിലും. പുതിയ തലമുറയിലുള്ളവർക്ക് കൗതുകത്തിനെങ്കിലും പാത്രങ്ങൾ ഉപയോഗിക്കണമെന്നു തോന്നിയാൽ കഷ്ടപ്പെടേണ്ടിവരും. പത്തുകിലോയിലേറെയാണ് ഭാരം.

കുതിരയ്ക്കു ഷേവ് ചെയ്യാൻ ബ്ലേഡ്

കുതിരയെ ഷേവ് ചെയ്തു സുന്ദരനാക്കാനുള്ള വലിയ ബ്ലേഡ് വരെ സ്വന്തമാക്കി. വെള്ളോടിൽ നി‌ർമ്മിച്ച ഇതിന് നല്ല മൂർച്ച. എവിടെനിന്നാണ് കിട്ടിയതെന്ന് ഓർക്കുന്നില്ല. പതിനെട്ടര കിലോയുള്ള,​ മൂന്നു തട്ടുകളോടുകൂടിയ കവരവിളക്കാണ് മറ്റൊരു കൗതുകം. ഈട്ടിയുടെ കാതൽ കട‍ഞ്ഞെടുത്ത,​ നെല്ലും മറ്റുമെടുക്കാനുള്ള തൂണി,​ 200 കൊല്ലത്തിലേറെ പഴക്കമുള്ള തേപ്പുപെട്ടികൾ,​ വെള്ളിനാരായം,​ തൈരു കടയാനുള്ള കൂറ്റൻ പാത്രവും കടകോലും എന്നിങ്ങനെ പഴമകൾക്കു പുതുമകളേറെ.

മുറുക്കിച്ചുവന്ന കഴിഞ്ഞകാലം

നാലുംകൂട്ടിയുള്ള മുറുക്ക് നിസാര കാര്യമായിരുന്നില്ലെന്ന് വെറ്റിലച്ചെല്ലവും മുറുക്കാൻ ചെപ്പുകളുമെല്ലാം ഓർമ്മിപ്പിക്കുന്നു. ഓടിൽ നിർമ്മിച്ച മയിൽ,​ പൂമുഖത്തെ വെറുമൊരു അലങ്കാരമല്ലെന്നു തിരിച്ചറിയണമെങ്കിൽ ചിറകു വിട‌ർത്തണം. തളിർവെറ്റില സൂക്ഷിക്കാനുള്ള ചെല്ലമാണിത്. നുറുക്കിയ അടയ്ക്കയും പുകയിലയും സൂക്ഷിക്കാനും കൊളുത്തോടുകൂടിയ പ്രത്യേക സംവിധാനം. ഗോളാകൃതിയിലുള്ള ചുണ്ണാമ്പു ചെപ്പുകൾ യാത്രകളിൽ കൊണ്ടുനടക്കാൻ എളുപ്പം. പ്രായമായമാവർക്ക് മുറുക്കാൻ ഇടിച്ചുയോജിപ്പിക്കാനുള്ള പ്രത്യേക ചെപ്പുമുണ്ട്.

കറുപ്പ് ത്രാസ് വി.വി.ഐ.പി

കടുത്ത നിയന്ത്രണമുണ്ടായിരുന്ന കറുപ്പ് തൂക്കി വിൽക്കാനുള്ള കുഞ്ഞൻ ത്രാസാണ് ശേഖരത്തിലെ മറ്റൊരു താരം. പ്രത്യേക ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന ഇതിനൊപ്പം തൂക്കുകട്ടികളുമുണ്ട്. സർക്കാ‌‌ർ അനുമതിയോടെ ക‌‌‌ർശന നിയന്ത്രണങ്ങളോടെയായിരുന്നു കറുപ്പ് വില്പന. ചില രോഗങ്ങൾക്കു പ്രതിവിധിയായും ഉപയോഗിച്ചിരുന്നു.