
മൂവാറ്റുപുഴ: പ്രധാന തെരുവോരക്കച്ച കേന്ദ്രമായ പെരുവുംമൂഴികവലയിൽ ഇപ്പോൾ താരം ബബ്ളൂസ് നാരങ്ങയാണ്. 100 രൂപയ്ക്ക് മൂന്നു മുതൽ നാലെണ്ണംവരെ കിട്ടും. റോസ്, വെള്ള, ചുവപ്പ് നിറങ്ങളുള്ളവയുണ്ട്. വാങ്ങാൻ ആളുകളുടെ തിരക്കുമുണ്ട്.
ഇടുക്കിയിലും വയനാട്ടിലും ഇവയ്ക്കുപേര് കമ്പിളി നാരങ്ങയെന്നാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് മൂവാറ്റുപുഴ - കുന്നത്തുനാട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന പെരുവുംമൂഴി കവല. നാട്ടുകാരേക്കാൾ ദേശീയപാതാ യാത്രക്കാരാണ് ഉപഭോക്താക്കളായി കൂടുതലുള്ളത്. സാധാരണ പുഴമീനാണ് ഇവിടെ കച്ചവടത്തിലെ താരം. ഇപ്പോൾ ആ പട്ടം ബബ്ളൂസ് നാരങ്ങയ്ക്ക് സ്വന്തം.
വാളകം, രാമമംഗലം പഞ്ചായത്തുകളിൽ ഇവ സുലഭമാണ്. വാളകം പഞ്ചായത്തിലെ റാക്കാട്, വാളകം, കായനാട്, കുന്നക്കാൽ പ്രദേശങ്ങളിലും രാമമംഗലം പഞ്ചായത്തിലെ രാമമംഗലം, കടക്കനാട് തുടങ്ങിയവിടങ്ങളിലും ഇവ വ്യാപകമായി ഉണ്ടാകുന്നുണ്ട്. വിളവെടുക്കുന്നത് ഒക്ടോബർ-ഡിസംബറിലാണ്. 8-10 രൂപ കർഷകർക്ക് നൽകിയാണ് ഇവ വാങ്ങുന്നതെന്ന് പെരുവുംമൂഴി കവലയിലെ വ്യാപാരിയായ അനിൽ പറഞ്ഞു.