x
പൂത്തോട്ട ബോട്ട് ജെട്ടി

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ പൂത്തോട്ട ബോട്ടുജെട്ടി​ നി​ർമാണത്തി​ലെ അപാകത മൂലം യാത്രക്കാർക്ക് സുരക്ഷാഭീതി​ ഉയർത്തുന്നു.

ആമ്പല്ലൂർ, ചെമ്പ്, ഉദയംപേരൂർ, പെരുമ്പളം, പാണാവള്ളി, അരൂക്കുറ്റി എന്നീ തീരദേശ പഞ്ചായത്തുകളിലെ കുട്ടികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയി​ക്കുന്ന ജെട്ടി​യാണി​ത്.

കായലിൽ തെങ്ങിൻ കുറ്റികൾ താഴ്ത്തി കരിങ്കൽ ചിറ ഉയർത്തി അതിന് മുകളിൽ കോൺക്രീറ്റ് സ്ലാബിലാണ് 2005 ൽ ജെട്ടി നിർമ്മിച്ചത്. എന്നാൽ കായലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടായപ്പോൾ ജെട്ടി താഴ്ന്നു.

2018ലെ പ്രളയകാലത്ത് പൂത്തോട്ട പാലത്തിന്റെ അടിത്തട്ട് വരെ ജലം ഉയർന്നപ്പോൾ രണ്ടാഴ്ചയോളം ബോട്ട് സർവ്വീസ് നിർത്തിവച്ചി​രുന്നു. അക്കാലത്ത് യാത്ര ക്ലേശം അങ്ങേയറ്റം ദുരിത പൂർണമായിരുന്നു. പിന്നീട് ഉദയംപേരൂർ പഞ്ചായത്തിന്റെ മുൻ ഭരണ സമിതി ബോട്ട് ജെട്ടി പുതുക്കി നിർമ്മിച്ചു. എന്നാൽ ജെട്ടിക്ക് കൈവരി സ്ഥാപിച്ചി​ല്ല.

പ്രളയത്തെ നേരിടാൻ മൂന്ന് തട്ടുകളായി നിർമ്മിച്ച ജെട്ടി പഴയ ബോട്ട് ജെട്ടിയോട് കൂട്ടി ചേർത്തപ്പോൾ 'യു" ആകൃതിയിലുള്ള ഒരു വിടവ് രൂപപ്പെട്ടു. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർക്ക് യാത്ര ഒരു പേടിസ്വപ്നമായി മാറി​.

രണ്ട് മേൽക്കൂരകളുണ്ടെങ്കി​ലും നി​ർമാണത്തി​ലെ അശാസ്ത്രീയത മൂലം മഴയെ തടയാൻ പര്യാപ്തമല്ല. യാത്രക്കാർ അടുത്തുള്ള കടകളിലൊ വീടുകളിലോ അഭയം തേടുന്നത് സ്ഥിരം കാഴ്ചയാണ്. പൂത്തോട്ട ബോട്ട് ജെട്ടിയുടെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി സംഘടനകൾ സ്ഥിരം പ്രക്ഷോഭത്തിലാണ്. വി​വി​ധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് കമ്മറ്റി കാക്കനാട് ഇറിഗേഷൻ വകുപ്പ് അധികാരികൾക്കും സ്ഥലം എം.എൽ.എ യ്ക്കും നിവേദനം നൽകിയെങ്കിലും നാളിതുവരെ നടപടി​ ഒന്നുമായി​ല്ല.

യാത്രക്കാരുടെ ആവശ്യങ്ങൾ

കൈവരി നിർമ്മിക്കുക

ടൈൽ വിരിക്കുക

വെള്ളക്കെട്ട് ഒഴിവാക്കുക

തിണ്ടിന് കരിങ്കൽച്ചിറ നിർമ്മിക്കുക

..............................................................

ഈ റൂട്ടിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ മൂന്ന് ബോട്ടുകൾ തികച്ചും അപര്യാപ്തമാണ്. ഒരു ബോട്ട് മുടങ്ങിയാൽ അടുത്ത ബോട്ടിന് വരുന്ന ഇരട്ടി യാത്രക്കാർ തിരക്കു കൂട്ടി കയറുമ്പോൾ ജെട്ടിയിൽ കൈവരി ഇല്ലാത്തത് അപകടം ക്ഷണിച്ചു വരുത്തും.

എം.എസ്. ദേവരാജ്, സാമൂഹ്യ പ്രവർത്തകൻ

........................................................

ജെട്ടി നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്ക് കാരണം കരാറുകാരനോ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോ എന്ന് പരിശോധിക്കണം.

കെ.ആർ. സോമനാഥൻ, പെരുമ്പളം

ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ