കൊച്ചി: മലയാളഭാഷ വളർന്നത് കാലാകാലങ്ങളിലുണ്ടായ കൊടുക്കൽ വാങ്ങലുകളിലൂടെയാണെന്ന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് സുനിൽ ഞാളിയത്ത് പറഞ്ഞു. ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനംചെയ്തു. എ.ഡി.എം എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസി. എഡിറ്റർ സി.ടി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.

 മലയാളമുള്ള കാലത്തോളം നമ്മൾ ഒന്നായിരിക്കും

മാതൃഭാഷയോടുള്ള നമ്മുടെ സമീപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അടുത്ത 20 വർഷത്തിനകം മലയാളം സംസാരിക്കുന്ന കേരളീയരുടെ എണ്ണം കേവലം 10 ശതമാനമായി കുറയുമെന്ന് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. സമസ്തകേരള സാഹിത്യപരിഷത്ത് മഹാകവി ജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മലയാളഭാഷ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അവസ്ഥയിൽ മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. മാതൃഭാഷ പഠിക്കാതെ എസ്.എസ്.എൽ.സി പരീക്ഷ പാസാകാൻ സാധിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നതും ആശങ്കയുടെ ആക്കം കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡോ. മ്യൂസ് മേരി ജോർജ് ഭാഷാദിനസന്ദേശം നൽകി. സെക്രട്ടറി നെടുമുടി ഹരികുമാർ സ്വാഗതവും ട്രഷറർ പി.യു. അമീർ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭാഷാഗാനാഞ്ജലിയും കവിയരങ്ങും നടന്നു.

ശ്രേഷ്ഠമായ മലയാളഭാഷ സംരക്ഷിക്കണമെന്നും കേരളീയർ ഭാഷാഭിമാനം ഉള്ളവരാകണമെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. സ്വന്തം അമ്മയ്ക്ക് സൗന്ദര്യമില്ലെങ്കിൽ സുന്ദരിയായ മറ്റൊരുസ്ത്രീയെ കാണുമ്പോൾ അതാണ് എന്റെ അമ്മയെന്ന് പറയുന്നതുപോലെയാണ് മാതൃഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് മാത്രം സ്വീകരിക്കുന്നത്. പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കേരളപ്പിറവി- മാതൃഭാഷാ ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാല മുൻ വി.സി ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ.എം.സി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സൂഫി മുഹമ്മദ് സ്വാഗതവും ട്രഷറർ മനുഷെല്ലി നന്ദിയും പറഞ്ഞു. 96 വയസ് പൂർത്തിയായ എം.കെ. സാനുവിനെ പ്രസ്ക്ലബിനുവേണ്ടി ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.

 കുഫോസിൽ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മലയാള ഭാഷാദിനാചരണം രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ. ഡെയ്‌സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തി.

 സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ

സപ്ലൈകോ വിജിലൻസ് ഓഫീസർ സി.എസ്. ഷാഹുൽ ഹമീദ് ജീവനക്കാർക്ക് ഭരണഭാഷാ പ്രതിജ്ഞയും വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ചുള്ള അഴിമതിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജീവനക്കാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിന്റെ അവതരണവും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.