highcourt

കൊച്ചി: കേരള സർവകലാശാല വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. സെനറ്റിൽ നിന്ന് ചാൻസല‌‌ർ കൂടിയായ ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വൈസ് ചാൻസലർ ഇല്ലാതെ സർവകലാശാലയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകും. വിദ്യാർത്ഥികളുടെ ഭാവിക്കാണ് കോടതിയുടെ മുൻഗണന. വ്യക്തികളല്ല, സ്ഥാപനവും അതിന്റെ പ്രവർത്തനവുമാണ് പ്രധാനം. സങ്കീർണതകൾ തുടരുന്നത് സ‌ർവകലാശാലയുടെ പേരിനു കളങ്കമുണ്ടാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കും.

ഈ മാസം നാലിനു സെനറ്റ് യോഗം ചേരുമ്പോൾ സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം അജണ്ടയിൽ ഉൾപ്പെടുത്തുമോയെന്ന് ഹർജിക്കാർ ഇന്നു വ്യക്തമാക്കണം. പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾക്കും പങ്കെടുക്കാൻ കോടതി അനുമതി നൽകാം. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കുകയാണ് പ്രധാനം. യു.ജി.സി ചട്ടങ്ങൾ പാലിച്ചുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. വ്യക്തികളെ ചോദ്യം ചെയ്യുന്നത് നിയമത്തെ വെല്ലുവിളിക്കുന്നതുപോലെയാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിയോഗിക്കുന്നതിൽ ഗവർണറുമായുള്ള തർക്കമാണ് പുറത്താക്കലിൽ കലാശിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരം കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയായി ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി.കെ. രാമചന്ദ്രനെ ശുപാർശ ചെയ്തിരുന്നു. അദ്ദേഹം പിന്മാറിയതോടെ പുതിയ അംഗത്തെ കണ്ടെത്തേണ്ടിവന്നു. ഇതിനു സമയം നൽകാതെ ഗവർണർ തിരക്കിട്ടു സെനറ്റിന്റെ പ്രതിനിധിയില്ലാതെ കമ്മിറ്റിക്ക് രൂപം നൽകിയെന്നും ഇതു സർവകലാശാല നിയമത്തിനും യു.ജി.സി മാർഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു.