മൂവാറ്റുപുഴ: നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നഗരത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ചങ്ങലയിൽ വിദ്യാർത്ഥികളടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ കണ്ണികളായി. മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനും എതിരെ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചങ്ങല തീർത്തത്. ആശ്രമം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ചങ്ങല പി.ഒ.ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്റു പാർക്ക്, എവറസ്റ്റ് ജംഗ്ഷൻ, കച്ചേരിപ്പടി, വൺവേ, ചാലിക്കടവ് പാലം, ഈസ്റ്റ് ഗവൺമെന്റ് ഹൈസ്കൂൾ ജംഗ്ഷൻ, നിർമ്മല മെഡിക്കൽ സെന്റർ ജംഗ്ഷൻ വഴി ആശ്രമം ബസ് സ്റ്റാൻഡിൽ സമാപിച്ചു. നിർമ്മല ഹൈസ്കൂൾ, മോഡൽ ഹൈസ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, മാറാടി ഗവൺമെന്റ് സ്കൂൾ, എസ്.എൻ.ഡി.പി എച്ച്‌.എസ്.എസ്, ശിവൻകുന്ന് എച്ച്.എസ്.എസ്, ടി.ടി.ഐ, ടൗൺ യു.പി സ്കൂൾ, വിവേകാനന്ദ വിദ്യാലയം, സെന്റ് തോമസ് സ്കൂൾ, ഇലാഹിയ പബ്ലിക് സ്കൂൾ, കെ.എം.എൽ. പി സ്കൂൾ, തർബിയത്ത് ട്രസ്റ്റ് ഹൈസ്കൂൾ, എം.ഐ.ഇ.ടി, കിഴക്കേക്കര ഈസ്റ്റ് ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ ചങ്ങലയിൽ അണിചേർന്നു. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽസലാം, പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മുനിസിപ്പൽ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ, നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുത്തൻകുളം, കോ ഓഡിനേറ്റർ കെ.ജി. അനിൽകുമാർ, പ്രതിപക്ഷനേതാവ് ആർ.രാകേഷ്, ജോസ് വളമറ്റം, ഷിജു മൂത്തേടൻ. സജീവ് നന്ദനം, മേരി ജോർജ് തോട്ടം, സബ് ഇൻസ്പെക്ടർ സി.പി. ബഷീർ, സി.ഡി.എസ് ചെയർപേഴ്സൺ പി.പി.നിഷ, എക്സൈസ് ഇൻസ്പെക്ടർ വിനീത് രവി, മുനിസിപ്പൽ കൗൺസിലർമാർ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.