കൊച്ചി: വ്യാപാരികളുടെയും സമീപവാസികളുടെയും പേടിസ്വപ്നമായി തേവര പഴയമാർക്കറ്റ്. ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് മാർക്കറ്റ്. കൊച്ചി കൊർപ്പറേഷൻ 1973ൽ നിർമ്മിച്ച കെട്ടിടം 180 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ്.
പ്രദേശവാസികളുടെയും വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റിന്റെയും നിരന്തര പരാതികളെ തുടർന്ന് 2018ൽ കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിച്ചു. വ്യാപാരികളെ മാർക്കറ്റിന് പിന്നിലെ തീരദേശ വികസന കോർപറേഷൻ നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. ഇതിനായി ഇവിടെ എട്ട് പുതിയ കടമുറികളും നിർമ്മിച്ചു. എന്നാൽ ചില വ്യാപാരികൾ കെട്ടിടം പൊളിക്കുന്നതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങി നഗരസഭയുടെ പദ്ധതി നിറുത്തിവെപ്പിക്കുകയായിരുന്നുവെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ ആരോപിക്കുന്നു. കെട്ടിടത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനകീയ സമരസമിതി നിരവധി സമരങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ കൊച്ചി മേയർക്ക് കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുമുണ്ട്.
ആവശ്യങ്ങൾ
പഴയ മാർക്കറ്റ് എത്രയും വേഗം പൊളിച്ചു മാറ്റുക.
നിലവിൽ കച്ചവട ലൈസൻസോ, യൂസർ ഫീയോ, വാടകയോ കോർപ്പറേഷനു നൽകാത്ത അനധികൃത കച്ചവടക്കാരെ എത്രയും വേഗം നിയമപരമായി ഒഴിപ്പിക്കുക
നിയമ നടപടിയിലൂടെ താത്ക്കലികമായി സ്റ്റേ വാങ്ങി കോർപ്പറേഷന് വരുമാന നഷ്ടം ഉണ്ടാക്കിയ കച്ചവടക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക.
മാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കും, പൊതുജനങ്ങൾക്കും ഉപയോഗിയ്ക്കാവുന്ന തരത്തിൽ ബയോ ടോയ്ലറ്റ് സൗകര്യമോ, പേ ആൻഡ് യൂസ് ടേയ്‌ലറ്റ് സൗകര്യമോ നടപ്പിലാക്കുക
മാർക്കറ്റിൽ ഉണ്ടാകുന്ന വേസ്റ്റ് പേരണ്ടൂർ പുഴയിലേയ്ക്ക് വലിച്ചെറിയുന്ന നടപടി നിയമപരമായി തടയുക.
മാർക്കറ്റിലെ കടകളുടെ 30 ശതമാനം ഭാഗം പരിസരവാസികളായ മത്സ്യത്തൊഴിലാളികൾക്ക് നീക്കി വയ്ക്കുകയും അവർക്ക് വേണ്ട പരിഗണന കൊടുക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുക.
മാർക്കറ്റിന്റെ ശുചിത്വ പരിപാലനവും യൂസർ ഫീ പിരിക്കലും കുടുംബശ്രീയെ ഏല്പിക്കുക
പഴയമാർക്കറ്റ് പൊളിച്ച് നിർമ്മിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലാണ്.
പി.ആർ. റെനീഷ്
വികനസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
മാർക്കറ്റ് നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ വലിയ അപകടം ഇവിടെ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട തീരുമാനം സമയബന്ധിതമായി എടുത്തില്ലെങ്കിൽ അഞ്ചിന് മാർക്കറ്റിൽ ഉപരോധം നടത്തും.
ജോൺ കോയിത്തറ
കൺവീനർ
ജനകീയ സമരസമിതി