തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 13-ാമത് രാജഗിരി നാഷണൽ ബിസിനസ് ക്വിസ് രാജഗിരി വാലി കാമ്പസിൽ നടന്നു. കോർപ്പറേറ്റ്, സ്റ്റുഡന്റ് വിഭാഗങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും 1210 ടീമുകൾ പങ്കെടുത്തു. ഗൂഗിൾ ക്ലൗഡ് സി.ടി.ഒ മിതേഷ് അഗർവാൾ ക്വിസ് മാസ്റ്ററായ മത്സരത്തിൽ സ്റ്റുഡന്റ്സ് വിഭാഗത്തിൽ കുസാറ്റിലെ ഷുഭം ജാ- ഗൗതം ആനന്ദ് എന്നിവരുടെ ടീമും കോർപ്പറേറ്റ് വിഭാഗത്തിൽ ടി.സി.എസിലെ ആർ. ജയകാന്തൻ, അനിരുദ്ധ ദത്ത എന്നിവരും ജേതാക്കളായി. സ്റ്റുഡന്റ് വിഭാഗത്തിൽ ഐ.ഐ.ടി കാൺപൂരിൽനിന്നുള്ള പ്രധുന്ന ചൗധരി, അഷുതോഷ് മുഡുലി, കർണാടക പി.ഇ.എസ് സർവകലാശാലയിലെ ഭാനു സുതാ എം, ദ്രുവ ജി എന്നിവർ ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ നേടി. കോർപ്പറേറ്റ് വിഭാഗത്തിൽ പ്രീതം ഉപാദ്‌ധ്യായ, റോഹൻ ഖന്ന (ബാർക്ലേയ്സ്) എന്നിവരും റാബി ശങ്കർ സാഹ, സേതു മാധവൻ (കാപ്ജെമിനി) എന്നിവരുമടങ്ങിയ ടീമുകൾ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ സ്വന്തമാക്കി. രാജഗിരി വാലി കാമ്പസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.
ഹാരിസൺ മലയാളം ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ ചെറിയാൻ എം. ജോർജ് മുഖ്യാതിഥിയായി. ആർ.സി.എസ്.എസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, ആർ.ബി.എസ് ഡയറക്ടർ ഡോ. സുനിൽ പുലിയക്കോട്ട്, സ്റ്റുഡന്റ് കോഓർഡിനേറ്ററായ അനു പോൾ, ഫാക്കൽറ്റി കോഓർഡിനേറ്റർ പ്രൊഫ. അരുൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.