*ഡ്രൈവറെ ഇനിയും പിടികൂടാനായില്ല
തോപ്പുംപടി: വഴിയാത്രക്കാരനായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് കഴിഞ്ഞ എട്ടിന് തോപ്പുംപടിയിൽവെച്ച് അമിതവേഗത്തിലെത്തിയ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർകൂടി പിടിയിലായി. കാക്കനാട് ഇടച്ചിറക്കൽവീട്ടിൽ അഷ്കർ ബക്കർ(36), കാക്കനാട് ഇടച്ചിറ കെ.എച്ച്. അഷ്കർ(32)എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. നേരത്തേ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ഇവരിൽ തൃക്കാക്കര സ്വദേശി ഇ.എ. അജാസ് (36) റിമാൻഡിലാണ്. വാഴക്കാല സ്വദേശി നവാസ് (24), മുണ്ടൻപാലം സ്വദേശി എൻ.എ. റഫ്സൽ (30) എന്നിവർക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് പിടിച്ചെടുത്ത കേരള സ്റ്റേറ്റ് 12 എന്നെഴുതിയ ബോർഡുകളും പണമിടപാട് രേഖകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രതി അജാസിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.
കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ബസ് ഡ്രൈവർ അനസിനെ പിടികൂടാൻ കഴിയാത്തത് പൊലീസിന് നാണക്കേടായി. അനസ് സംസ്ഥാനം വിട്ടിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇയാൾക്ക് ചില ജനപ്രതിനിധികളുടെ സഹായവും ലഭിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഡ്രൈവറെ പിടികൂടുന്നതിനായി മട്ടാഞ്ചേരി അസി.കമ്മീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തോപ്പുംപടി എസ്.ഐ സെബാസ്റ്റ്യൻ പി. ചാക്കോ, എസ്.ഐ എം.ബി. മധുസൂദനൻ, എ.എസ്.ഐ ജോസ്‌മോൻ, സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്,കെ.എ അനീഷ്,കെ.ടി അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.