മട്ടാഞ്ചേരി : ലഹരി വിരുദ്ധ പ്രചാരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പനയപ്പിള്ളി എം.എം.ഒ. എച്ച്.എസ്.സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുപ്രവർത്തകരും കൊച്ചി സബ് കളക്ടർ വിഷ്ണു രാജിന് നിവേദനം നൽകി. സ്കൂളിൽ നിന്ന് സൈക്കിൾ റാലിയായി പുറപ്പെട്ട വിദ്യാർത്ഥികളും സംഘവും വിവിധ സ്കൂളുകൾ സന്ദർശിച്ചാണ് കൊച്ചി സബ് കളക്ടറുടെ ഫോർട്ട് കൊച്ചിയിലെ ഓഫീസിലെത്തി നിവേദനം കൈമാറിയത്. കൊച്ചിയിലെ പുതുതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. റാലിയുടെ സമാപന സമ്മേളനം കൊച്ചി നഗരസഭയുടെ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഹബീബുള്ള , ഷമീർ വളവത്ത്, എം.എം. സലിം, കെ.ബി. സലാം ഹംസക്കോയ പി.എസ്. പ്രിൻസിപ്പൽ ഫാസിൽ. ഇ., ഹെഡ്മാസ്റ്റർ മുഹമ്മദ് അൻവർ വി.എ., അദ്ധ്യാപകരായ അഫ്സൽ പി.ഇ., അൻവർ സാദത്ത് എ.കെ. , ഹസീന എം.എച്ച്., ജെബിൻ ഇ.കെ. എന്നിവർ പങ്കെടുത്തു.