 
വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് നിർമ്മാണോദ്ഘാടനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ. എ. നിർവഹിച്ചു. ഐസൊലേഷൻ വാർഡ് തീരദേശ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സാംക്രമിക രോഗങ്ങൾ പിടിപെടുന്നവരെ തുടക്കത്തിൽ തന്നെ പ്രവേശിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഐസൊലേഷൻ വാർഡ് എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും ഉൾപ്പെടുത്തി 1.79 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. 2400 ചതുരശ്ര അടി വിസ്തീർണമുള്ള വാർഡിൽ 10 മുതൽ 15 വരെ കിടക്കകൾ ഇടാനാകും.
എമർജൻസി റീഹാബിലിറ്റേഷൻ റൂം, സെൻട്രൽ സെക്ഷൻ മെഡിക്കൽ ഗ്യാസ് യൂണിറ്റ്, നഴ്‌സിംഗ് സ്റ്റേഷൻ, 50 ചതുരശ്ര അടിയിൽ മെഡിക്കൽ ആൻഡ് കൺസ്യൂമബിൾ സ്റ്റോർ, സ്റ്റാഫ് റസ്റ്റ് റൂം, ബയോ മെഡിക്കൽ വേസ്റ്റ് സെഗ്രിഗേഷൻ യൂണിറ്റ് എന്നിവയാണ് അത്യാധുനിക ഐസൊലേഷൻ വാർഡിലെ മറ്റു സൗകര്യങ്ങൾ. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് വാർഡ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി. ഡി.പി.എം ഡോ.സജിത്ത് ജോൺ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഡോണോ, അഡ്വ.എം.ബി.ഷൈനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത്, അംഗങ്ങളായ ജിജി വിൻസെന്റ്, അഗസ്റ്റിൻ മണ്ടോത്ത്, ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്. ശ്രീകുമാരി എന്നിവർ സംസാരിച്ചു.