
പറവൂർ: പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് നിർമ്മാണം തുടങ്ങി. ആദ്യഘട്ടത്തിൽ പുഴയിൽ നിന്ന് മണ്ണ് ഡ്രഡ്ജിംഗ് ആരംഭിച്ചു. ഈ മാസം പൂർത്തിക്കും. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല.
ആലപ്പുഴയിൽ നിന്നാണ് ഡ്രഡ്ജർ എത്തിച്ചത്. മുപ്പത് ലക്ഷം രൂപയോളമാണ് ബണ്ട് നിർമ്മാണത്തിന് ചെലവ്. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയുള്ളതിനാലാണ് മണൽബണ്ട് കെട്ടുന്നത്. കഴിഞ്ഞ വർഷം 26 ലക്ഷം രൂപ ചെലവാക്കി നന്നാക്കിയെങ്കിലും ഷട്ടറുകളുടെ ചോർച്ച പരിഹരാക്കാനായില്ല. ഓരുജലം കയറിയാൽ പുത്തൻവേലിക്കര, പാറക്കടവ്, കുണ്ടൂർ, കുഴൂർ, അന്നമനട തുടങ്ങി എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമവും കാർഷിക നാശവുമുണ്ടാകും.