suresh-muttathil
കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ നേതൃത്വത്തിൽ പുരസ്കാര ജേതാവ് സേതുവിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പൊന്നാടഅണിയിക്കുന്നു

ആലുവ: അര നൂറ്റാണ്ടിലേറെയായി എഴുത്തിന്റെറ ലോകത്ത് നിറസാന്നിദ്ധ്യമായ സാഹിത്യകാരൻ സേതുവിന് സാഹിത്യലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള സാംസ്കാരിക വകുപ്പിന്റെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് കടുങ്ങല്ലൂർ ഗ്രാമത്തിന് വീണ്ടും അഭിമാനമായി. 12ന് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂർ സ്കൂളിൽ വിപുലമായ സ്വീകരണ സമ്മേളനം സംഘടിപ്പിക്കും.

ഇന്നലെ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അവാർഡ് ജേതാവിനെ അഭിനന്ദിച്ചു. പറവൂർ ചേന്ദമംഗലത്താണ് ജനനമെങ്കിലും കടുങ്ങല്ലൂരിൽ വർഷങ്ങൾക്കുമുമ്പ് താമസം ആരംഭിച്ചതോടെ പഞ്ചായത്തിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സേതുവിൻെറ സാന്നിദ്ധ്യമുണ്ടായിരുന്നു. കൊവിഡ് മഹാമാരിയെത്തുടർന്നാണ് അദ്ദേഹം പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നത്. എറണാകുളം ജില്ലയ്ക്ക് ലഭിച്ച ആദ്യ എഴുത്തച്ഛൻ പുരസ്‌കാരം എന്ന പ്രത്യേകതയും ഈ അവാർഡിനുണ്ട്.

ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം മലയാളഭാഷയിൽ എഴുതുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനവും സന്തോഷവും നൽകുന്നതാണെന്നാണ് സേതുവിന്റെ പ്രതികരണം. 55 വർഷമായി എഴുതുന്നു. പലരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് എഴുത്താരംഭിച്ചത്. ആദ്യം എഴുതിയ രണ്ട് കൃതികൾ നന്നായെന്ന് വായിച്ചവർ പറഞ്ഞു. അതാണ് എഴുത്തിന്റെ ലോകത്തേക്കുള്ള തുടക്കമെന്ന് സേതു വസതിക്ക് മുന്നിൽ അഭിനന്ദിക്കാൻ വന്നവരോടായി പറഞ്ഞു.

1942ൽ പാലിയം ഹൈസ്‌കൂളിലും ആലുവ യു സി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പിലും റെയിൽവേയിലും ജോലിചെയ്തശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിന്റെ ഡയറക്ടർ, നാഷനൽ ബുക്ക് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ചെയർമാൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

*മംഗളോദയം ലൈബ്രറി അനുമോദിച്ചു

കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ നേതൃത്വത്തിൽ പുരസ്കാര ജേതാവ് സേതുവിനെ വീട്ടിലെത്തി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പൊന്നാടഅണിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഓമന ശിവശങ്കരൻ, മുഹമ്മദ് അൻവർ, ലൈബ്രറി സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, മറ്റ് ഭാരവാഹികളായ സി.കെ. ബാബു, പി.ബി. ഹരീന്ദ്രൻ, ബി.കെ. അബ്ദുൾ റഹ്മാൻ, ജ്യോതി ഗോപകുമാർ എന്നിവർ സംബന്ധിച്ചു.