-ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം.
-ലിങ്ക് കനാലിന്റെ സാദ്ധ്യത പരിഗണിക്കണം
കൊച്ചി : മഴയിൽ മുങ്ങുന്ന നഗരത്തിന്റെ ഗതികേടിനു കോർപ്പറേഷൻ അടിയന്തര പരിഹാരമുണ്ടാക്കണമെന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്ന എം.ജി. റോഡ്, ഇടപ്പള്ളി താന്നിക്കൽ മേഖല, പവർഹൗസ് എക്സ്റ്റൻഷൻ റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഡ്രെയ്‌നേജ് ഒരാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കണം. നഗരത്തിലെ വെള്ളക്കെട്ട് മേഖലകൾ കണ്ടെത്തി കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഉത്തരവാദിത്വങ്ങൾ കൂടിവരുന്നതിനാൽ എ.ജി. സുനിൽ കുമാറിനെ മൂന്നാമത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
ഓടകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി നടപടി സ്വീകരിക്കണം. ശാസ്ത്രീയ മാലിന്യ നിർമ്മാർജന സംവിധാനം നഗരത്തിൽ യാഥാർത്ഥ്യമാക്കണം. 11 നകം വിശദ റിപ്പോർട്ട് നൽകണം.
എം.ജി റോഡിൽ നിന്നു ജല അതോറിറ്റിയുടെയോ കൊച്ചിൻ ഷിപ്പ് യാർഡിന്റെയോ സ്ഥലത്തു കൂടി ലിങ്ക് കനാൽ നിർമ്മിക്കുന്നത് വെള്ളിക്കെട്ടിനു പരിഹാരമാണെങ്കിലും അവിടെ ചില നിർമ്മിതികളുള്ളതിനാൽ തടസമാകുമെന്ന് അവർ അറിയിച്ചു. അവിടൊരു ലിങ്ക് കനാലുണ്ടായിരുന്നതായി പഴമക്കാർ പറയുന്നുണ്ടെങ്കിലും കാലക്രമത്തിൽ അതു നികന്നു പോയി.
മുല്ലശേരി കനാലിലെ പൈപ്പ് ലൈനുകൾ മാറ്റുന്നതിന്റെ എസ്റ്റിമേറ്റ് കണക്കാക്കി ജല അതോറിറ്റി എം.ഡി കോടതിയെ അറിയിക്കണം. ജല അതോറിറ്റിയുടെയും ഷിപ്പ് യാർഡിന്റെയും തടസങ്ങൾ നീക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയും വേണം.
ബന്ധപ്പെട്ടവർ ഉത്തരവാദിത്വങ്ങൾ നിറവേറ്റാത്തപ്പോഴാണ് കോടതിക്ക് ഇടപെടേണ്ടിവരുന്നതെന്നും വ്യക്തമാക്കി.
2019, 20, 21 വർഷങ്ങളിൽ പ്രത്യേക സമിതികളുടെ നേതൃത്വത്തിൽ നഗരത്തിലെ ഓടകളിൽ നിന്നു മാലിന്യങ്ങളിൽ നീക്കം ചെയ്തിരുന്നു.
മുല്ലശേരി കനാലിലെ പൈപ്പ് ലൈനുകൾ മാറ്റുന്നതിന്റെ എസ്റ്റിമേറ്റ് കണക്കാക്കി ജല അതോറിറ്റി എം.ഡി കോടതിയെ അറിയിക്കണം. ജല അതോറിറ്റിയുടെയും ഷിപ്പ് യാർഡിലെ തടസ്സങ്ങൾ നീക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ചർച്ച ചെയ്യണം.
തുലാവർഷമായതിനാൽ ദിവസവും പെയ്യുന്ന മഴയിൽ നഗരം മുങ്ങുന്ന സാഹചര്യമുണ്ട്.