കൊച്ചി: കാര്യസ്ഥന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള കുളിമുറിയിൽ കണ്ടെത്തി. എറണാകുളം എസ്.ആർ.എം റോഡിലെ പ്രവാസി മലയാളി വലിയവീട്ടിൽ മുഹമ്മദ് നജിമിന്റെ വീട് സൂക്ഷിപ്പുകാരനായ തമിഴ്നാട് ശിവകാശി വരുതുനഗർ സ്വദേശി സുബ്ബയുടെ (ബാബു-47) മൃതദേഹമാണ് കണ്ടെത്തിയത്. കുളിമുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സമീപത്തെ വ്യാപാരി പൊലീസിനെ അറിയിക്കുകയായികുന്നു. പൊലീസ് എത്തി കുളിമുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

മുഹമ്മദ് നജിം വർഷങ്ങളായി വിദേശത്താണ്. ഇയാളുടെ വീടും പരിസരവും ബാബുവാണ് നോക്കിയിരുന്നത്. ബാബുവിനായി വീടിനോട് ചേർന്ന് താമസിക്കാൻ ചെറിയമുറിയും കുളിമുറിയും ഒരുക്കിയിരുന്നു. രണ്ടുദിവസം കൂടുമ്പോൾ കുടുംബാംഗങ്ങൾ ബാബുവിനെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. കഴിഞ്ഞദിവസം ബാബുവിനെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾ എടുത്തില്ല. തുടർന്ന് കുടുംബാംഗം സമീപത്തെ വ്യാപാരിയെ വിളിച്ച് ബാബുവിനെ ഫോണിൽ കിട്ടുന്നില്ലെന്ന ആശങ്ക പങ്കുവച്ചു. ഇയാൾ വീട്ടിലെത്തിയപ്പോഴാണ് കുളിമുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് തിരിച്ചറിഞ്ഞത്.

ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമികനിഗമനം.