കൊച്ചി: ഹാലോവീൻ പരിപാടിക്ക് അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് മഹാരാജാസ് പ്രിൻസിപ്പൽ വി.എസ്. ജോയിയെ കോളേജിലെ കെ.എസ്.യു പ്രവർത്തകർ തടഞ്ഞു വച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അദ്ധ്യാപകരെ ഉപരോധിച്ചത്.
തിങ്കളാഴ്ച എസ്.എഫ്.ഐക്കും കെ.എസ്.യുവിനും വെവ്വേറെ പരിപാടികൾക്ക് അനുമതി നൽകിയിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ കോളേജ് അച്ചടക്ക സമിതിയോട് ആലോചിച്ച് കെ.എസ്.യുവിന്റെ അനുമതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയ. ഇതിനു പിന്നാലെ കെ.എസ്.യു പ്രവർത്തകർ സമരത്തിന് നോട്ടീസ് നൽകി. തിങ്കളാഴ്ച നടന്ന മലയാള ഭാഷാ ദിനാചരണ പരിപാടിയുടെ വേദിയിലുൾപ്പെടെ പ്രതിഷേധവുമായെത്തി.
പ്രശ്‌നം ചർച്ച ചെയ്യാൻ ഉച്ചയ്ക്ക് 1.30ന് ചേർന്ന കോളേജ് കൗൺസിൽ യോഗവും പരിപാടി അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. പിന്നാലെ കൗൺസിൽ ഹാളിലേക്ക് പ്രതിഷേധവുമായെത്തി വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും ഉപരോധിക്കുകയായിരുന്നു. സെൻട്രൽ പൊലീസ് വൈകിട്ട് ഏഴിന് സമരക്കാരെ നീക്കം ചെയ്തു. കോളേജ് അധികൃതർ എസ്.എഫ്.ഐയുടെ പക്ഷം ചേർന്ന് പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കെ.എസ്.യു ആരോപിച്ചു.