കൊച്ചി: ഇന്ത്യൻ തപാൽവകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐ.പി.പി.ബി) കേരളത്തിലെ അയ്യായിരത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം ഉപയോഗിച്ച്) വിതരണം ചെയ്യുന്നതിന് ഇത്തവണയും സൗകര്യം ഒരുക്കും. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. സർവീസ് ചാർജായി 70 രൂപ പോസ്റ്റ്മാന് നൽകണം.
പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽനമ്പർ, പി.പി.ഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റുമാന് നൽകി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. പോസ്റ്റുമാനെ സമീപിക്കാൻ കഴിയാത്തവർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. http://ccc.cept.gov.in/covid/request.aspx അല്ലെങ്കിൽ പോസ്റ്റ്ഇൻഫോ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. മൊബൈലിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം കഴിഞ്ഞാൽ "വിജയിച്ചു" എന്ന സന്ദേശത്തോടൊപ്പം ഒരു പ്രമാൻ ഐഡി ലഭിയ്ക്കും. പ്രമാൻ ഐഡി വഴി https://jeevanpramaan.gov.in/ppouser/login. എന്ന വെബ്സൈറ്റിൽനിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേറ്റ് ഡൗൺ ലോഡ് ചെയ്യാം.