drug

കൊച്ചി: കൊവിഡിൽ കരുങ്ങി നിലച്ചുപോയ എക്സൈസിന്റെ അത്യാധുനിക ലഹരി വിമുക്തി കേന്ദ്രത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കുന്ന വിമുക്തി കേന്ദ്രത്തിന് ഇനി ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതികൂടിയെ വേണ്ടൂ. മറ്റ് നടപടികളെല്ലാം എക്സൈസ് പൂർത്തിയാക്കി. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ മാത്രമേ ജില്ലയിൽ എക്സൈസിന് ലഹരി വിമോചന കേന്ദ്രമുള്ളൂ. ലഹരിക്ക് അടിമപ്പെട്ട് എക്സൈസിനെ സമീപിക്കുന്ന 21ന് താഴെ പ്രായമുള്ളവർ ഏറിയതോടെയാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വിമുക്തി കേന്ദ്രം സജ്ജമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. സർക്കാരിൽ നിന്ന് ഫണ്ട് അനുവദിച്ചതിന് പിന്നാലെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കൊവിഡ് വ്യാപനം ശക്തമായത്. കണ്ടെത്തിയ സ്ഥലം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രമാക്കിയതോടെയാണ് നടപടികൾ ഇഴഞ്ഞു. എഫ്.എൽ.ടി.സി ഒഴിവാക്കിയതോടെ ആവശ്യവുമായി എക്സൈസ് ജില്ലാ മെഡിക്കൽ ഓഫീസറെ സമീപിക്കുകയായിരുന്നു.

 80 പേർ

ശാശരി 80 പേരാണ് പ്രതിമാസം ചികിത്സതേടി എക്സൈസിനെ സമീപിക്കുന്നത്. ഇതിൽ പലരെയും മൂവാറ്റുപുഴയിൽ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ചികിത്സതേടി സമീപിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കും.

 50 ശതമാനം മാത്രം

ലഹരിക്കേസിൽ പിടിയിലാകുന്ന യുവതി- യുവാക്കളിൽ 50 ശതമാനം മാത്രേമേ കൗൺസിലിംഗിന് വിധേയരാകാറുള്ളൂ. മക്കൾ ആദ്യമായാണ് ഇത്തരമൊരു കേസിൽ അകപ്പെടുന്നതെന്നും തങ്ങൾ തന്നെ ഗുണദോഷിച്ച് നേർവഴിക്ക് നടത്താമെന്നും ഉറപ്പുനൽകി മാതാപിതാക്കൾ കൗൺസിലിംഗ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. വലിയ അളവിൽ ലഹരിയുമായി കുടുങ്ങുന്നവർക്ക് കൗൺസിലിംഗ് നിർബന്ധമാണ്. ഒരുമാസം മുതൽ കിടത്തിചികിത്സ ഇവിടെ ലഭിക്കും. ലഹരിമരുന്ന് ഉപയോഗത്തിൽ നിന്ന് പൂർണമായും മുക്തി നേടിയവർക്ക് എക്സൈസ് സ്വയം തൊഴിലിനായുള്ള സഹായം ചെയ്യുന്നുണ്ട്.

 ചികിത്സാ കേന്ദ്രത്തിൽ

• ഡോക്ടറുടെ സേവനം

• 10 കിടക്ക സൗകര്യം

• സ്വകാര്യ ഇടം

• പരിശീലനം ലഭിച്ച ജീവനക്കാർ

 വർഷം -കേസ്- 21താഴെ പ്രായമുള്ള പ്രതികൾ

2018- 449 - 105

2019- 1724 -329

2020- 3151 -204

2021-2704 -117

2022-1960 -469

ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചാൽ നിർമ്മാണം ഉടൻ തുടങ്ങും

ആർ. ജയചന്ദ്രൻ

ഡെപ്യൂട്ടി കമ്മിഷണർ

എക്സൈസ്

•മൂവാറ്റുപുഴ കേന്ദ്രം - 6238600253

•പരാതി നൽകാൻ - 9447178000, 9061178000

•ടോൾഫ്രീ - 14405