കൊച്ചി: വ്യക്തിവിരോധത്തിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്പരാതികൾ ആയച്ച് വടക്കൻപറവൂരിലെ ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെടുത്തുന്നതായി ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വടക്കൻപറവൂരിൽ ഡ്രൈവിംഗ് ടെസ്റ്റിന് പൊതുസ്ഥലമില്ല. ഈ കുറവ് പരിഹരിക്കാൻ അസോസിയേഷനിൽ അംഗങ്ങളായ 32 സ്കൂൾ ഉടമകൾ ചേർന്ന് വാടകയ്ക്ക് എടുത്ത സ്വകാര്യഗ്രൗണ്ടിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്. എന്നാൽ, ഇവിടെ ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥരെ അഴിമതിക്കേസിൽപ്പെടുത്തുമെന്ന ഭീഷണിയുമായി അസോസിയേഷനിൽ അംഗമല്ലാത്ത ഒരു സ്കൂൾ ഉടമയും മകനും രംഗത്തുവന്നു. ഇവർ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജപ്പരാതികൾ ആയക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുന്നസ്ഥിതിയാണ്.

പറവൂർ ജോയിന്റ് ആ‌ർ.ടി.ഓഫീസിനുകീഴിൽ ദിവസം 60 പേർക്കാണ് ടെസ്റ്റ് നടത്തേണ്ടത്. എന്നാൽ അടിസ്ഥാനരഹിതമായ പരാതികൾ കാരണം ഈ ടെസ്റ്റുകൾ മറ്റ് സബ് ഡിവിഷനുകളിലേക്ക് മാറ്റേണ്ടിവരും. ഇത് നാട്ടുകാർക്കും ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ ജനപ്രതിനിധികളും മുനിസിപ്പാലിറ്റിയും ഇടപെടണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷുക്കൂർ ബാബു, യൂണിറ്റ് പ്രസിഡന്റ് എം.കെ.ശിവപ്രസാദ്, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, സെക്രട്ടറി

ടി.ടി.സുരേഷ്, ജോയിന്റ് സെക്രട്ടറി രാജൻ, ട്രഷറർ എൻ.ജി.സുനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.