കൊച്ചി: ഹോട്ടൽ അടച്ചുപൂട്ടൽ നടപടിയെച്ചൊല്ലി കൊച്ചി കോർപ്പറേഷനും ഹോട്ടൽ ഉടമകളും തമ്മിലുള്ള പോരുമുറുകുന്നു. കാനകളിൽ വെള്ളമൊഴുക്ക് തടസപ്പെടുന്ന വിധത്തിൽ കാനയിലേക്ക് മെഴുക്കുകലർന്ന മലിനജലം ഒഴുക്കിയ എം.ജി റോഡിലെ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടണമെന്ന കോർപ്പറേഷന്റെ കഴിഞ്ഞദിവസത്തെ ഉത്തരവാണ് കച്ചവടക്കാരെ ചൊടിപ്പിച്ചിച്ചത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമംലംഘനം തുടർന്ന സാഹചര്യത്തിലാണ് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. വെള്ളക്കെട്ടിനെത്തുടർന്ന് കഴിഞ്ഞ മേയിലും സെപ്തംബറിലും കാനകൾ തുറന്നുനടത്തിയ പരിശോധനയിൽ ഹോട്ടലിന് സമീപമുള്ള ഭാഗത്ത് മാലിന്യം കട്ടപിടിച്ച് ഖരാവസ്ഥയിലായിരുന്നു. ഇതാവർത്തിക്കരുതെന്ന് കർശനനിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഞായറാഴ്ചത്തെ മഴയിലും പതിവുപോലെ എം.ജി റോഡ് മുങ്ങി. തൊട്ടടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കാനകളിൽ ഭക്ഷണാവശിഷ്ടങ്ങൾ കണ്ടതോടെയാണ് ഹോട്ടലുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്.
കച്ചവടക്കാർക്ക് തിരിച്ചടി
നഗരത്തിൽ ഏറ്റവും തിരക്കുള്ള അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടിയത് വ്യാപാരികൾക്ക് തിരിച്ചടിയായി. മലയാളസിനിമയുടെ സുവർണകാലം ഓർമ്മിപ്പിക്കുന്ന വിധത്തിൽ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ തിരിച്ചെത്തുന്ന കാലമാണിത്. എം.ജി റോഡിലെ തിയേറ്ററുകളും ഹൗസ് ഫുള്ളാണ്. തിരക്കിന്റെ പ്രയോജനം തങ്ങൾക്കും ലഭിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഹോട്ടലുകാർ. അതിനിടയിലാണ് ഇടിത്തീപോലെ അടച്ചുപൂട്ടൽ ഉത്തരവ്.
എല്ലാ ഹോട്ടലുകളും അടച്ചിടാം
വെള്ളക്കെട്ട് പുതിയ കാര്യമല്ല. അതിന് പരിഹാരം കാണേണ്ടത് കോർപ്പറേഷനാണ്. എന്നാൽ പഴി മുഴുവൻ ഹോട്ടലുകളുടെ തലയിൽ കെട്ടിവച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ് കോർപ്പറേഷൻ. മാലിന്യസംസ്കരണത്തിനായി ശക്തമായ നയം രൂപീകരിക്കുന്നതിനുപകരം ഹോട്ടലുകാരെമാത്രം കുരിശിൽ കയറ്റുന്ന ഏർപ്പാട് അവസാനിപ്പിക്കണം. മലിനജല സംസ്കരണത്തിന് സംവിധാനമുണ്ടാക്കണം. കോർപ്പറേഷനുമായി ഏതു വിധത്തിലും സഹകരിക്കാൻ തയ്യാറാണ്. കൊവിഡുകാലത്തും ജി.സി.ഡി.എയും കോർപ്പറേഷനും വാടകയുടെ കാര്യത്തിൽ യാതൊരു ഇളവും നൽകിയില്ല. അതേസമയം അടിസ്ഥാനസൗകര്യങ്ങൾപോലും നൽകുകയുമില്ല. ശിക്ഷാനടപടികൾ തുടരാനാണ് കോർപ്പറേഷന്റെ തീരുമാനമെങ്കിൽ തുലാവർഷം കഴിയുന്നതുവരെ മുഴുവൻ ഹോട്ടലുകളും അടച്ചിടാൻ മടിക്കില്ല. വിലക്കയറ്റത്താൽ കച്ചവടം നഷ്ടത്തിലാണ്. ചെറുകിട സ്ഥാപനങ്ങളെ നിലനിർത്താൻ ബാദ്ധ്യതയുള്ള കോർപ്പറേഷൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് മഹാ കഷ്ടമാണ് .
ജി. ജയപാൽ
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്
അസോ. സംസ്ഥാന പ്രസിഡന്റ്